സൂക്ഷിക്കുക!! വീട്ടിൽ ഗ്യാസ് ചോര്‍ന്നാല്‍ എന്ത് ചെയ്യണം gas emergency tips


കാസർ​ഗോട്:

പാചകവാതകം വീടുകളില്‍ സര്‍വസാധാരണയായി ഉപയോഗിക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം പേര്‍ക്കും അത് സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പാചകവാതകം ഉപയോഗിക്കുന്നവര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ ഉള്‍ക്കൊണ്ട് ജാഗ്രതപാലിക്കണം. വീടുകളിലെ സിലിണ്ടറുകളില്‍ നിന്നും ഗ്യാസ് ലീക്ക് ചെയ്താല്‍ ജനലുകളും വാതിലുകളും ഉടന്‍തന്നെ തുറന്നിടണം. എത്രയും വേഗം അടുത്തുള്ള ഗ്യാസ് ഏജന്‍സിയിലോ 1906 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലോ വിവരം അറിയിക്കണം.

പരാതികള്‍ ഉണ്ടെങ്കില്‍ 1800 2333 555 എന്ന ടോള്‍ഫ്രീ നമ്പറിലും വിളിക്കാം. ഉപയോഗശേഷം സിലിണ്ടറിനോട് ചേര്‍ന്നുള്ള റഗുലേറ്റര്‍ ഓഫ് ചെയ്യുക. റഗുലേറ്റര്‍ ഓഫ് ചെയ്യാത്തതുമൂലം ഗ്യാസ് ചോര്‍ന്ന് ജില്ലയില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും തീപിടിത്തമുണ്ടായി നിരവധിപേര്‍ മരിച്ചിട്ടുണ്ട്. കൂടുതലും അപകടങ്ങള്‍ ഉണ്ടായിരിക്കുന്നത് പുലര്‍ച്ചെയോ വൈകുന്നേരങ്ങളിലോ ആണ്. രാത്രി ഉറങ്ങൂവാന്‍ കിടക്കുന്നതിന് മുമ്പ് റഗുലേറ്റര്‍ ഓഫ് ചെയ്തുവെന്ന് ഉറപ്പുവരുത്തണം. എതെങ്കിലും കാരണവശാല്‍ ഗ്യാസ് ചോര്‍ന്നാല്‍ രാവിലെ ഉണര്‍ന്ന് പാചകത്തിനായി അടുക്കളിലെ ഇലക്ട്രിക് സ്വീച്ച് ഓണ്‍ ചെയ്താല്‍ മതിയാകും തീപിടിത്തമുണ്ടാകുവാന്‍.

ഏതാനും വര്‍ഷംമുമ്പ് ജില്ലയില്‍ ദമ്പതികള്‍ മരിച്ചത് ഇത്തരമൊരു അപകടത്തിലായിരുന്നു. പാചക വാതക ഉപയോഗം സമയവും ജോലി ഭാരവും കുറയ്ക്കുമെങ്കിലും അശ്രദ്ധ വരുത്തിവയ്ക്കുന്നത് വന്‍ ദുരന്തങ്ങളാകും.

 പാചകവാതകം സുരക്ഷിതമായി ഉപയോഗിക്കുവാന്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക:-

സിലിണ്ടറുകള്‍ അടുക്കളയില്‍ കുത്തനെ വയ്ക്കുക ഒരിക്കലും കിടത്തി ഇടരുത്.  സിലിണ്ടറുകളേക്കാള്‍ ഉയരത്തിലാകണം എപ്പോഴും സ്റ്റൗവ് വയ്‌ക്കേണ്ടതും പാചകം ചെയ്യേണ്ടതും.

പാചകവാതകവും ഫ്രിഡ്ജും ഒരേ മുറിയില്‍ വയ്ക്കരുത്.
ഏതെങ്കിലും തരത്തില്‍ ഗ്യാസ് ലീക്ക് ചെയ്യുന്നതായി സംശയം തോന്നിയാല്‍ അടുക്കളിയിലേയും മറ്റു മുറികളിലേയും ജനലുകളും വാതിലുകളും തുറന്നിടുക. ഗ്യാസ് ചോര്‍ന്ന ഭാഗത്ത് മുറമോ മറ്റോ ഉപയോഗിച്ച് വീശി കൊടുക്കുന്നതും നല്ലതാണ്.

ബര്‍ണറില്‍ തീകൊടുത്തശേഷം മാത്രം പാചകത്തിലുള്ള പാത്രം വയ്ക്കുക. പാത്രം വച്ചശേഷം തീ കത്തിക്കുന്നത് അപകടത്തിനിടയാക്കും.
അടുക്കളയിലോ സിലിണ്ടര്‍ സൂക്ഷിച്ചിരിക്കുന്നിടത്തോ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സൂക്ഷിക്കരുത് സിലിണ്ടറിന്‍െ്‌റ സേഫ്റ്റി ക്യാപില്‍ ലീക്ക് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വിതരണക്കാരെ വിവരം അറിയിക്കുക.

സിലിണ്ടര്‍ ലഭിക്കുന്ന സമയത്തുതന്നെ സേഫ്റ്റി ക്യാപ് പരിശോധിക്കുന്നത് നല്ലതാണ്.

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സേഫ്റ്റി ഹോസ് മാറ്റുക. സ്വയം ഗ്യാസ് സ്റ്റ്ൗ നന്നാക്കുവാന്‍ ശ്രമിക്കരുത്. തകരാര്‍ കണ്ടെത്തിയാല്‍ വിതരണക്കാരെ വിവരം അറിയിക്കുക.

രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്നോ ഓയില്‍ കമ്പനികളില്‍ നിന്നോ വിദഗ്ധരായവര്‍ എത്തി സുരക്ഷാ പരിശോധനകള്‍ നടത്തിയില്ലെങ്കില്‍ വിതരണക്കാരെ അറിയിക്കുക. ഇത്തരം പരിശോധനയ്ക്കായി എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രം വീടിനുളളില്‍ പ്രവേശിപ്പിക്കുക.Post a Comment

Previous Post Next Post
close