കേരളത്തിന്റെ അതിജീവനം തടയാന്‍ ആര്‍എസ്എസ് നീക്കം


നൂറ്റാണ്ടിലെ മഹാ പ്രളയത്തില്‍ സര്‍വ്വതും തകര്‍ന്ന കേരളത്തിന്റെ അതിജീവന ശ്രമങ്ങള്‍ തടയാന്‍ സംഘപരിവാറിന്റെ ആസൂത്രിത നീക്കം. ദുരിതാശ്വാസ ക്യാംപിലേക്ക് നാപ്കിന്‍ ചോദിച്ചപ്പോള്‍ നിരോധ് തരാമെന്ന് പറഞ്ഞും, രക്ഷാ ദൗത്യമേറ്റെടുത്ത മത്സ്യതൊഴിലാളികളെ വംശീയമായി അധിക്ഷേപിച്ചും വെറുപ്പ് പ്രചരിപ്പിക്കുന്ന സംഘ്പരിവാറാണ് ആസൂത്രിതമായി കേരളത്തിലേക്കുള്ള സഹായം തടയാന്‍ ശ്രമിക്കുന്നത്. കേന്ദ്ര സഹായം പര്യാപ്തമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യേണ്ടതില്ലെന്നും കേരളത്തിലെ സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിനിടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ തടയാനും ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ബീഫ് കഴിക്കുന്ന മലയാളികള്‍ക്ക് ദുരന്തമുണ്ടായതെന്നും അവരെ സഹായിക്കേണ്ടതില്ലെന്നും പ്രചരണം ഉണ്ടായിരുന്നു.
അതിനിടെ, കേരളത്തിന് വേണ്ടി മുബൈയിലെ സ്‌കൂളില്‍ നടന്ന പ്രളയ ദുരിതാശ്വാസ ധനശേഖരണം സ്‌കൂള്‍ അധികൃതര്‍ തന്നെ തടഞ്ഞ സംഭവവും ഉണ്ടായി. മലയാളിയായ പ്രവാസിയുടെ മകള്‍ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലാണ് ധനശേഖരണം നടത്താനുള്ള ശ്രമം സ്‌കൂള്‍ അധികൃതര്‍ തടഞ്ഞത്. കേന്ദ്ര സര്‍ക്കാരും സേവാഭാരതിയും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് ധനശേഖരണം തടഞ്ഞതെന്ന് വിദ്യാര്‍ഥിനി പറഞ്ഞു.

അതിനിടെ, പ്രളയത്തിനിടയില്‍ കേരളത്തില്‍ കുടുങ്ങിപ്പോയയാളാണെന്ന് സ്വയം പരിചയപ്പെടുത്തുന്നയാളുടെ വോയ്‌സ് ക്ലിപ്പും സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ സമ്പന്നരാണെന്നും യാതൊരു വിധ സഹായവും ആവശ്യമില്ലെന്നുമാണ് സുരേഷ് എന്ന സ്വയം പരിചയപ്പെടുത്തിയ ഇായാള്‍ വോയ്‌സ് ക്ലിപ്പിലൂടെ പറയുന്നത്. പ്രളയം ബാധിച്ച ചെങ്ങന്നൂരിലേയും പാലയിലേയും ജനങ്ങള്‍ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും അവര്‍ക്ക് പണമോ സാനിറ്ററി നാപ്കിന്‍ അടക്കമുള്ള സാധനങ്ങളോ ആവശ്യമില്ലെന്നും ഇയാള്‍ പറയുന്നുണ്ട്. കേരളം ഒരാഴ്ച്ചക്കുള്ളില്‍ പ്രളയ ദുരിതത്തില്‍ നിന്ന് തിരിച്ചുവരുമെന്നും കേരളത്തിന് തൊഴിലാളികളുടെ കുറവ് മാത്രമാണുള്ളതെന്നും ഇയാള്‍ പറഞ്ഞു. കേരളത്തിന് വേണ്ടി തീപ്പെട്ടി, മെഴുകുതിരി, അരി, സ്്‌റ്റേഷനറി സാധനങ്ങള്‍ ശേഖരിക്കേണ്ടതില്ല. സാമ്പത്തികമായി ഏറെ ഉയര്‍ന്ന മലയാളികള്‍ക്ക് വേണ്ടി പണം പിരിക്കേണ്ടതില്ല. ആരെങ്കിലും കേരളത്തെ സഹായിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ ആര്‍എസ്എസ്സിന് കീഴിലുള്ള സേവാഭാരതി മുഖേന സഹായം എത്തിക്കാന്‍ ശ്രമിക്കണമെന്നും ഇയാള്‍ പറയുന്നു. ദുരിതാശ്വാസത്തിന്റെ പേരില്‍ ഏറെ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അത് കൊണ്ട് സേവാഭാരതിയിലൂടെ മാത്രം സഹായം ചെയ്താല്‍ മതിയെന്നും ഇയാള്‍ ആവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലും വിശ്വനീയമല്ലെന്നും മുന്‍ അനുഭവങ്ങള്‍ അതാണ് തെളിയിക്കുന്നതെന്നും പറയുന്ന ഇയാള്‍ സേവാഭാരതിയടക്കമുള്ള സന്നദ്ധ സേനയാണ് പ്രളയ ദുരിതത്തില്‍ സേവന പ്രവര്‍ത്തനത്തിനുള്ളതെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്.
കേരളത്തിനെതിരേ ദേശീയതലത്തില്‍ തന്നെ നടക്കുന്ന അവഗണനയുടെ ഭാഗമാണ് സംഘ്പരിവാറിന്റെ നീക്കമെന്ന് ആക്ഷേപമുയരുന്നുണ്ട്. പ്രളയത്തില്‍ പ്രാഥമിക കണക്കുകള്‍ പ്രകാരം തന്നെ 20000 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. പ്രളയത്തെ തുടര്‍ന്ന് 10 ലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാംപുകളിലെത്തിയത്. എന്നാല്‍ 500 കോടി രൂപ മാത്രമാണ് കേരളത്തില്‍ നേരിട്ടെത്തിയ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. നൂറ്റാണ്ടിലെ മഹാദുരന്തമായിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായില്ല. പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ ആവശ്യത്തിന് സൈനിക സഹായം ലഭ്യമാക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ജാഗ്രതയുണ്ടായില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

Post a Comment

Previous Post Next Post
close