സൈക്കിള്‍ വാങ്ങാന്‍ വര്‍ഷങ്ങളായി കൂട്ടിവെച്ച പണം കേരളത്തിനു നല്‍കി തമിഴ് ബാലിക .പകരം സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് ഹീറോ കമ്പനി

വില്ലുപുരം: ആശിച്ച് മോഹിച്ച് വര്‍ഷങ്ങളായി ഒരു സൈക്കിള്‍ വാങ്ങിക്കാന്‍ കൂട്ടിവെച്ചിരുന്ന കാശ് ഒരു മടിയും കൂടാതെ കേരളത്തിനായി സംഭാവന ചെയ്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു കൊച്ചു മിടുക്കി. നാലുവര്‍ഷമായി അവള്‍ സ്വരുക്കൂട്ടി വെച്ചതായിരുന്നു ആ പണം; ഒരു സൈക്കിള്‍ വാങ്ങാന്‍. പ്രളയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും ടെലിവിഷനില്‍ കണ്ടതോടെ ആ ഒമ്പതു വയസ്സുകാരി തന്റെ തീരുമാനം മാറ്റി. തന്റെ പക്കലുള്ള 9000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അവള്‍ സംഭാവന ചെയ്തു.

അനുപ്രിയ എന്ന ഒമ്പതുവയസ്സുകാരിയാണ് കേരളത്തിന്റെ ദുരിതത്തില്‍ മനമലിഞ്ഞ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങുന്നതിനായി നാലു വര്‍ഷമായി അവള്‍ കൂട്ടിവെച്ചതായിരുന്നു ആ പണം. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയാണ് ഈ മിടുക്കി.

കേരളത്തിലുണ്ടായ പ്രളയ ദുരിതത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടതോടെ അനുപ്രിയയുടെ മനസ്സലിഞ്ഞു. സൈക്കിളിനേക്കാള്‍ വലുതാണ് കഷ്ടപ്പെടുന്നവര്‍ക്കുള്ള കുഞ്ഞു കൈത്താങ്ങെന്ന് അവള്‍ക്ക് ബോധ്യമുണ്ടായിരുന്നു. അനുപ്രിയയുടെ ഈ തീരുമാനം അറിഞ്ഞ ഹീറോ സൈക്കിള്‍ കമ്പനി അവളെ ഞെട്ടിച്ചുകൊണ്ട് ഒരു തീരുമാനം പ്രഖ്യാപിച്ചു അനുപ്രിയയ്ക്ക് ഇഷ്ടമുള്ള ഒരു സൈക്കിള്‍ സൗജന്യമായി നല്‍കും.

ഹീറോ സൈക്കിള്‍സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനുപ്രിയയുടെ മനുഷ്യത്വപൂര്‍ണമായ ഈ നടപടിയെ അഭിനന്ദിക്കുന്നതായും അവള്‍ക്ക് ഒരു പുത്തന്‍ സൈക്കിള്‍ സൗജന്യമായി നല്‍കുമെന്നുമാണ് ഹീറോ സൈക്കിള്‍സ് പറഞ്ഞത്. ‘പ്രിയപ്പെട്ട അനുപ്രിയ, അവശ്യ ഘട്ടത്തില്‍ സഹജീവികളെ സഹായിക്കാനുള്ള തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. നിനക്ക് ഒരു പുതുപുത്തന്‍ സൈക്കിള്‍ ഞങ്ങള്‍ നല്‍കും.വിലാസം ഉടന്‍ അറിയിക്കുകയോ കമ്പനിയുമായി ബന്ധപ്പെടുകയോ ചെയ്യുക’ഹീറോ സൈക്കിള്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിനു പിന്നാലെ ഹീറോ സൈക്കിളിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ചു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അനുപ്രിയക്കും അവളുടെ മനസ്സറിഞ്ഞ സൈക്കിള്‍ കമ്പനിക്കും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്ക് കൈത്താങ്ങേകുവാന്‍ മുന്നോട്ടുവരുന്നതിന് മറ്റുള്ളവര്‍ക്കും ഇത് പ്രോത്സാഹനമാകുമെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ കുറിച്ചു.

Post a Comment

Previous Post Next Post
close