എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചുഎല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് രാവിലെ വരെ റെഡ് അലേര്‍ട്ട് ഉണ്ടായിരുന്നത്. കാലാവസ്ഥ അനുകൂലമായതോടെയാണ് റെഡ് അലേര്‍ട്ട് പിന്‍വലിച്ചത്. കനത്ത മഴ കേരളം വിടുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ചെറിയ മഴ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ടാവൂ എന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം ചെങ്ങന്നൂരില്‍ രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ഇപ്പോളും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരില്‍ മിക്കവര്‍ക്കും ഇന്നലെ ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. ചെങ്ങന്നൂര്‍ പ്രദേശത്തുനിന്ന് വൈകുന്നേരത്തിനുള്ളില്‍ എല്ലാവരെയും കുടുങ്ങിക്കിടക്കുന്ന ഇടങ്ങളില്‍നിന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ആലുവയില്‍ ജലനിരപ്പില്‍ കാര്യമായി കുറവുണ്ടായിട്ടുണ്ട്.

കുട്ടനാട്ടില്‍നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കുമരകം മുതല്‍ വൈക്കംവരെ പതിനായിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലായി. അപ്പര്‍ കുട്ടനാട്ടിലും പ്രതിസന്ധി രൂക്ഷമാണ്. മഴ ഇടയ്ക്കിടയ്ക്ക് മാത്രമാണ് പെയ്യുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണ് ശ്രമം.

നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിന് ഹെലികോപ്റ്റര്‍ പുറപ്പെടും. രണ്ടായിരത്തിലധികം പേരാണ് ഇവിടെ കുടങ്ങിയിരിക്കുന്നത്. നെന്‍മാറയില്‍നിന്നാണ് ഹെലികോപ്റ്റര്‍ പുറപ്പെടുക. റോഡുകളും പാലങ്ങളും തകര്‍ന്നതോടെ നെല്ലിയാമ്പതി ഒറ്റപ്പെട്ടിരിക്കുകയാണ്. അഞ്ചു തവണ ഹെലികോപ്റ്റര്‍ യാത്ര നടത്തും. ഗര്‍ഭിണികളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പുറത്തെത്തിക്കും.

ഭാരതപ്പുഴ, ചാലക്കുടിപ്പുഴ എന്നീ നദികളില്‍ ജലനിരപ്പ് താഴുന്നത് തൃശ്ശൂര്‍ ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകുന്നുണ്ട്. എറണാകുളം-തൃശ്ശൂര്‍ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചുവരികയാണ്. പൂവത്തുശ്ശേരിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ എട്ടുപെരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല.

Post a Comment

Previous Post Next Post
close