കാഞ്ഞങ്ങാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു

കാഞ്ഞങ്ങാട്:

ബൈക്കും കാറും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു. അലാമിപ്പള്ളി തെരുവത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. തെരുവത്ത് താമസിക്കുന്ന കാഞ്ഞങ്ങാട് സൗത്ത് സ്വദേശി എം. സത്യനാരായണന്‍(54)ആണ് മരിച്ചത്. സത്യന്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്യനാരായണനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 

കാഞ്ഞങ്ങാട്ടെ ഇംപാക്ട്, വണ്‍സീറോ കമ്പ്യൂട്ടര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. എസ്.എഫ്.ഐയുടെ പഴയ കാല നേതാവാണ്. പാലക്കാട് നെന്മാറ എന്‍.എസ്.എസ്. കോളേജില്‍ എം.ബി. രാജേഷ് എം.പി. എസ്.എഫ്.ഐ.യുടെ യൂണിറ്റ് പ്രസിഡണ്ടായിരിക്കെ സെക്രട്ടറിയായിരുന്നു സത്യനാരായണന്‍. കോണ്‍ഗ്രസ് നേതാവും ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന പരേതനായ സി. എന്‍.നാരായണന്‍ നായരുടെയും എം. ലക്ഷ്മിയമ്മയുടെയും മകനാണ്. 

ഭാര്യ:ആശാമണി. മകന്‍: ഷാന്‍ സത്യന്‍. സഹോദരങ്ങള്‍: ബാലചന്ദ്രന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍(ഇരുവരും ആധാരം എഴുത്ത്), പ്രഭ, ഉഷ പനങ്ങാട്(യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി), ഉണ്ണികൃഷ്ണന്‍ (പൊതുമരാമത്ത് വകുപ്പ്), ഭാഗ്യലക്ഷ്മി. ഹൊസ് ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post
close