കാസര്‍കോട്ടാർ പ്രളയ ഭൂമിയിലേക്ക്‌

കാസര്‍കോട്‌:

പ്രളയം വിഴുങ്ങിയ ഇടങ്ങളിലെ ജനജീവിതം പൂര്‍വ്വ സ്ഥിതിയിലെത്തിക്കാന്‍ സന്നദ്ധ സേവനവുമായി കാസര്‍കോട്ടെ യുവജനങ്ങള്‍. യൂത്ത്‌ കോണ്‍ഗ്രസ്‌ വോളണ്ടിയര്‍ന്മാര്‍ പ്രളയ ഭൂമിയിലെത്തി.

ദുരിത മേഖലകളില്‍ നിന്നു വെള്ളം ഇറങ്ങിയതോടെ വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഏഴുലക്ഷത്തില്‍പരം ആള്‍ക്കാര്‍ അവരവരുടെ വീടുകളിലേയ്‌ക്ക്‌ മടങ്ങി തുടങ്ങും. എന്നാല്‍ വീടുകളെല്ലാം ചെളി നിറഞ്ഞ്‌ വാസയോഗ്യമല്ലാത്ത സ്ഥിതിയിലാണ്‌. ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങി കിടന്നതിനാല്‍ വൈദ്യുതോപകരണങ്ങളും വയറിംഗും തകര്‍ന്നു കിടക്കുന്നു. ചെളിവാരി, കഴുകി വൃത്തിയാക്കിയാലേ വീടുകളിലെ വാസം സാധ്യമാകൂ. വയറിംഗ്‌ അറ്റകുറ്റപ്പണി നടത്തണം. കിണറുകളും മറ്റു ജലസ്രോതസുകളും ഉപയോഗ്യമാക്കണം. ഇതൊക്കെ അതാതു വീട്ടുകാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യങ്ങളല്ല. അതിനാലാണ്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ സേവനം ചെയ്യാന്‍ വിവിധ സംഘടനകള്‍ തയ്യാറായത്‌.
യൂത്ത്‌ കോണ്‍ഗ്രസ്‌ പാര്‍ലമെന്റ്‌ മണ്ഡലം സെക്രട്ടറി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു വയനാട്ടിലെത്തി സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ ദുരിതഭൂമിയിലെത്തും. ഡി വൈ എഫ്‌ ഐ ജില്ലയിലെ 12 ബ്ലോക്കുകമ്മിറ്റികള്‍ക്കു കീഴില്‍ 50 വീതമുള്ള സംഘത്തെയാണ്‌ ദുരിതഭൂമിയിലേയ്‌ക്ക്‌ അയക്കുക. ഉദുമ ബ്ലോക്ക്‌ കമ്മിറ്റിക്കു കീഴില്‍ എ വി ശിവപ്രസാദ്‌ നേതൃത്വം നല്‍കുന്ന ടീം ഇന്നു എറണാകുളത്തേക്ക്‌ യാത്ര തിരിക്കും. ഇലക്‌ട്രീഷ്യന്മാര്‍, കെട്ടുപണിക്കാര്‍, ആശാരി പണിക്കാര്‍ തുടങ്ങിയവരെ ഓരോ സംഘത്തിലും ഉറപ്പാക്കിയിട്ടുണ്ട്‌.
ആര്‍ എസ്‌ എസ്‌ നേതൃത്വത്തിലുള്ള സംഘം യാത്രയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. സംസ്ഥാന നേതൃത്വത്തിന്റെ അറിയിപ്പു ലഭിച്ച ശേഷമേ യാത്ര പുറപ്പെടൂവെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.മുസ്ലീം ലീഗ്‌ നേതൃത്വത്തില്‍ അടുത്തിടെ രൂപീകരിച്ച വോളണ്ടീയര്‍ വിഭാഗമായ `വൈറ്റ്‌ ഗാര്‍ഡും’ ദുരന്തഭൂമിയില്‍ സേവന പ്രവര്‍ത്തനത്തിനു പോകാനുള്ള തയ്യാറെടുപ്പ്‌ നടത്തി നേതൃത്വത്തിന്റെ വിളിക്കായുള്ള കാത്തിരിപ്പിലാണ്‌.

Post a Comment

Previous Post Next Post
close