ജില്ലയിൽ നാലുമാസത്തിനിടെ നടന്നത് 66 കവർച്ചകൾ;അന്വേഷണത്തിനപ്പുറത്തേക്ക് പോലീസും ഒന്നും ചെയ്യുന്നില്ല

കാസറഗോഡ്:

 സ്ഥാപനങ്ങൾ കുത്തിത്തുറന്നും വീട്ടുകാരെ കത്തിമുനയിൽ നിർത്തിയും കവർച്ചകൾ പെരുകുന്നു. ഒന്നോ രണ്ടോ ദിവസത്തിലൊതുങ്ങുന്ന അന്വേഷണത്തിനപ്പുറത്തേക്ക് പോലീസും ഒന്നും ചെയ്യുന്നില്ല. കഴിഞ്ഞ നാലുമാസത്തിനിടെ ജില്ലയിൽ നടന്നത് 65 കവർച്ചകൾ. ആറംഗ സംഘം കാസർകോട് ആദൂർ സ്വദേശിയെ കത്തികാട്ടി പണവും മൊബൈൽഫോണും കൈക്കലാക്കിയതും കാഞ്ഞങ്ങാട്ട് വീടുകുത്തിത്തുറന്ന് 130 പവൻ കൊള്ളയടിച്ചതും മുതൽ ബൈക്കിലെത്തി മാലമോഷ്ടിച്ച സംഭവങ്ങൾവരെ ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണംകവർന്നു. ഒരാഴ്ച മുൻപ്‌ കാഞ്ഞങ്ങാട് പടിഞ്ഞാറെക്കരയിൽ അഞ്ച്‌ വീടുകളിലാണ് മോഷ്ടാക്കൾ കയറിയത്. ഇതിൽ രണ്ട്‌ വീടുകളിൽ ഉറങ്ങിക്കിടന്ന വീട്ടമ്മമാരുടെ കഴുത്തിൽനിന്ന് മാലപൊട്ടിച്ചോടി. മറുനാടൻ തൊഴിലാളികളിൽ ചിലർ കവർച്ചക്കാരായുണ്ട്. ഇപ്പോൾ നവരാത്രിക്കാലമായതിനാൽ മംഗളൂരുവിൽനിന്ന് വിവിധ വേഷധാരികൾ ജില്ലയിലെത്തുന്നുണ്ട്. ഇവർ വീടുകൾ കയറിയിറങ്ങി പണവും വസ്ത്രവും ശേഖരിക്കും. ഇവർക്കിടയിലും മോഷ്ടാക്കളുണ്ടോയെന്ന സംശയമാണ് പോലീസിന്.

പകലും കവർച്ച വ്യാപകമാവുന്നു. ജില്ലയിൽ നാലുമാസത്തിനിടെ ആറിടത്ത് പകൽസമയത്ത്‌ വീട്ടിൽ കയറി കവർച്ചനടത്തി. രാത്രി സ്ഥാപനങ്ങൾ കുത്തിത്തുറന്നും വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയും കവർച്ച നടത്തിയ 22 കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ ഉള്ളത്. രാത്രി നടന്ന ബാക്കി 38 കവർച്ചകൾ ചെറുതാണെന്നാണ്‌ പോലീസ് റിപ്പോർട്ട്. നാലോ അഞ്ചോ അതിലധികമോ ആളുകൾ സംഘംചേർന്ന് ആക്രമിക്കുകയും മോഷണംനടത്തുകയും ചെയ്താലേ പോലീസ് റെക്കോർഡിൽ അത്‌ കവർച്ചയായി രേഖപ്പെടുത്തൂ. അർധരാത്രി വീട് കുത്തിത്തുറന്ന് വെള്ളിക്കോത്ത് ’സ്വർഗമഠ’ത്തിലെ റിട്ട. അധ്യാപിക ഓമനയെ കത്തിക്കാട്ടി പണവും സ്വർണവും കവർന്നതുൾപ്പടെയുള്ള കൊള്ളകൾ പോലീസിന്റെ കണക്കിൽ വെറും മോഷണമാണ്. ആദൂരിൽ ഒരാളെ സംഘംചേർന്ന് ആക്രമിച്ച് പണം കവർന്ന കേസ്സിലെ പ്രതികളെ പിടിക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. വളരെ ചെറിയ മോഷണങ്ങളിൽ ഏതാനും ചില കേസ്സുകൾ തെളിയിക്കാനും പ്രതികളെ പിടിക്കാനും സാധിച്ചുവെന്നല്ലാതെ വലിയ കവർച്ചകളിലൊന്നും പോലീസിന് പ്രതികളെ പിടിക്കാനായിട്ടില്ല.

സ്വസ്ഥമായി ഉറങ്ങാനാവാതെ

അർധരാത്രി വീട് കുത്തിത്തുറന്നാണ് കള്ളന്മാർ അകത്തുകയറുന്നത്. ഉറങ്ങിക്കിടക്കുന്നവർ ഞെട്ടി ഉണരുമ്പോഴേക്കും കത്തികാട്ടിയും കെട്ടിയിട്ടും കവർച്ച നടത്തുന്നു. സ്വസ്ഥമായി ഉറങ്ങാൻ പറ്റുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. വീട് പൂട്ടിയിട്ട് ബന്ധുവീട്ടിലേക്കോ മറ്റെവിടെയെങ്കിലുമോ പോയാൽ വരുന്നതുവരെ സ്വസ്ഥതയുണ്ടാകില്ലെന്നും ആളുകൾ പറയുന്നു. ആഭരണവും പണവുമൊന്നും ഇല്ലെങ്കിലും വീടുകുത്തിത്തുറന്ന് വലിയ നാശനഷ്ടം വരുത്തിവയ്ക്കുന്നു. ചീമേനി പുലിയന്നൂരിൽ റിട്ട. അധ്യാപിക ജാനകിയെയും പെരിയ ചെക്കപ്പള്ളത്തെ കുടുംബശ്രീ പ്രവർത്തക സുബൈദയെയും കൊലപ്പെടുത്തി കവർച്ചനടത്തിയത് ജില്ലയെ നടുക്കിയ സംഭവങ്ങളായിരുന്നു. 2017 ഡിസംബർ, ജനവരി മാസങ്ങളിൽ നടന്ന കൊലയും കവർച്ചയും പോലീസ് ഊർജിതമായി അന്വേഷിക്കുകയും പ്രതികളെ പിടിക്കുകയും ചെയ്തിരുന്നു. ഫിബ്രവരി, മാർച്ച് മാസങ്ങളിൽ കരിന്തളം മീർക്കാനംതട്ടിൽ എസ്റ്റേറ്റ് മാനേജർ ചിണ്ടനെ കൊലപ്പെടുത്തി കവർച്ചനടത്തിയതും ഇരിയയിൽ വീട്ടമ്മയെ കൊലപ്പെടുത്തി മാല കവർന്ന സംഭവത്തിലും പ്രതികളെ പിടിക്കാൻ പോലീസിന് പെട്ടെന്ന് കഴിഞ്ഞു. എന്നാൽ, ജൂൺ മുതൽ ഇങ്ങോട്ട് നാലുമാസം വലിയ കവർച്ചകൾക്കൊന്നും തുമ്പ് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

അടുത്തിടെ നടന്ന കവർച്ചകൾ

●●●●●●●●●●●●●●●●●●●●●●●●●

മഞ്ചേശ്വരത്ത്‌ വീട്‌ കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവർന്നു.

വെള്ളിക്കോത്ത് വീട് കുത്തിത്തുറന്ന് റിട്ട. അധ്യാപിക ഓമനയെ കത്തികാട്ടി ഒൻപത്‌ പവൻ ആഭരണങ്ങളും പണവും കവർന്നു.

ആദൂരിൽ അഞ്ചംഗസംഘം ഒരാളെ അക്രമിച്ച് പണവും സെൽഫോണും കവർന്നു.

കുശാൽനഗർ ഇട്ടമലിലെ വീട് കുത്തിത്തുറന്ന് 130 പവൻ കവർന്നു.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിലെ ബ്രദേഴ്‌സ് ട്രേഡേഴ്‌സ് കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ കവർന്നു.

കാഞ്ഞങ്ങാട് നാഷണൽ റേഡിയോ ഇലക്‌ട്രോണിക്സ് കുത്തിത്തുറന്ന് രണ്ടരലക്ഷത്തിന്റെ മൊബൈൽഫോൺ കവർന്നു.

കാഞ്ഞങ്ങാട് ആവിയിലെ വീട് കുത്തിത്തുറന്ന് 100 പവൻ ആഭരണങ്ങളും പണവും കവർന്നു (മാസങ്ങൾക്ക്‌ മുൻപ്‌).

കാഞ്ഞങ്ങാട്ട് പടിഞ്ഞാറെക്കരയിൽ ഒരുദിവസം മൂന്ന്‌ വീട്ടുകളിൽ കവർച്ചശ്രമം. കാഞ്ഞങ്ങാട്ട് ഒരേസമയം രണ്ട്‌ വീട്ടുകളിൽ കയറി.

ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മമാരുടെ കഴുത്തിൽനിന്ന്‌ മാലപൊട്ടിച്ചോടി.

കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിൽ മൂന്നുതവണ കവർച്ച. കഴിഞ്ഞദിവസം ഭണ്ഡാരത്തിലെ പണം കവർന്നു.

അമ്പലത്തറയിലും പൊയ്‌നാച്ചിയിലും നാലുലക്ഷത്തിന്റെ അടയ്ക്ക കവർച്ച ചെയ്തു.

കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ ഹോട്ടലിൽ കയറി അരലക്ഷത്തിന്റെ കവർച്ചനടത്തി.

തളങ്കരയിൽ വീട്ടിന്റെ ഓടുപൊളിച്ച് കയറി 30,000 രൂപ കവർന്നു.

കാസർകോട്ടെ തിയേറ്ററിൽനിന്ന്‌ ബുള്ളറ്റ് കവർന്നു.

Post a Comment

Previous Post Next Post