Ads Area

അബദ്ധത്തിൽ ആ മനുഷ്യന്റെ ദേഹത്തേക്ക് കറി മറിഞ്ഞു ,പക്ഷെ തിരിച്ച്‌ അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഏറെ അത്ഭുതപ്പെടുത്തി

✍️ജാസർ പൊവ്വൽ
 

ജീവിതത്തിൽ ക്ഷമാശീലം ഉള്ളവരാണോ നിങ്ങൾ എന്ന്‌ ചോദിച്ചാൽ അതെ എന്ന്‌ തന്നെയായിരിക്കും എന്റെയും നിങ്ങളുടെയും മറുപടി ,പക്ഷെ വ്യക്തി ജീവിതത്തിൽ നാം ദേഷ്യപ്പെടാൻ കാരണമായ പല സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും ഒന്ന് പരിശോദിച്ചാൽ തന്നെ നാം എത്രയധികം ക്ഷമിക്കുന്നവരാണ് എന്നത് വിലയിരുത്താൻ കഴിയും.ചെറുതായൊന്നു മുഖം തിരിച്ചാൽ ഇല്ലെങ്കിൽ ചെറുതായൊന്നു തട്ടിയാൽ മാത്രം മതി നമ്മുടെ മുഖം കോപം കൊണ്ട് നിറയാൻ. എന്നാൽ ബഫെ സപ്ലൈ വർക്കിൽ ഇന്നെനിക്കുണ്ടായ അനുഭവം നാം എത്രത്തോളം ക്ഷമാശീലരാവേണ്ടവരെന്നും , ഒരു നിമിഷത്തെ ചെറിയൊരു വിട്ട് വീഴ്ച കൊണ്ട്  എത്രയധികം നാം സ്വീകാര്യരാവുന്നു എന്നും തുറന്ന് കാട്ടപ്പെട്ട ഒരു അനുഭവമായിരുന്നു.
പതിവ് പോലെ ഇന്നും എനിക്ക് ബഫെ സപ്ലൈ വർക്കുണ്ട് ,ഇന്നത്തെ വർക്കിന്റെ സ്ഥലം പരാമർശിക്കപ്പെടരുത് എന്നുള്ളത് കൊണ്ട് തന്നെ  ഈ കല്യാണ ഫങ്ക്ഷൻ നടക്കുന്ന സ്ഥലം എവിടെയാണ് എന്നത് ഞാൻ പറയുന്നില്ല . രാവിലെ പത്ത് മണിക്ക് നികാഹ് ആയത് കൊണ്ട് സത്കാരത്തിന്റെ ഭക്ഷണ സെറ്റിങ്ങുകൾ സമയ കൃത്യമായി നടത്തുകയാണ് ,ഞങ്ങൾ ഇരുപത് സപ്ലയേഴ്‌സുണ്ട് ,ടേബിൾ സെറ്റിംഗ് ആയത് കൊണ്ട് ഓരോ ഐറ്റംസുകളും ഒരേ രീതിയിൽ കൊണ്ട് പോയി വയ്കുകയാണ് .ആളുകൾ ഏകദേശം ടേബിളിൽ ഇരുന്നിരിക്കുന്നു , ഐറ്റംസുകളും ഏകദേശം റെഡിയാണ് ,നല്ല തിരക്കുണ്ട് സെറ്റ് ചെയ്ത ടേബിളുകളും ഫുള്ളാണ് ,അടുപ്പിച്ചു ടേബിൾ ഇട്ടത് കൊണ്ട് കടന്ന് പോകാൻ പ്രയാസം .ആദ്യത്തെ സെറ്റിംഗ്സ് കഴിയട്ടേ കുറച്ച് ടേബിൾ എടുത്ത് മാറ്റാം എന്ന്‌ വിചാരിച്ചു അങ്ങനെ അങ്ങോട്ട്‌ സപ്ലൈ ചെയ്യുകയാണ്.റീസെറ്റിംഗിൽ പലരും കറി ചോദിച്ചപ്പോൾ ഞാനും  കറിയുമായി ദൃതിയിൽ പോകുകയാണ് ,തിരക്ക് കാരണം കസേരയുടെ ഇടയിലൂടെ കഷ്ടിച്ചു പോവേണ്ട അവസ്ഥ,തിരക്കിൽ ആരോ വന്ന് എന്റെ കയ്യിൽ തട്ടിയതും പിടിവിട്ട് എന്റെ കയ്യിൽ നിന്ന് ചൂടുള്ള മട്ടൺ കറി എതിരെ സീറ്റിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഒരു മനുഷ്യന്റെ മേലിലേക്ക് മൊത്തമായി മറിഞ്ഞതും ഒരേ നിമിഷമായിരുന്നു .പടച്ചോനെ ആകപ്പാടെ ഗുലുമാലായോ ....ഭാഗ്യം കറി വലിയ ചൂടില്ലാത്തത് കൊണ്ട് അരുതാത്തതൊന്നും സംഭവിച്ചില്ല.
അദ്ദേഹം ഉടുത്തിരുന്ന വെള്ള വസ്ത്രങ്ങളെല്ലാം കറിയിൽ മുങ്ങി കോമാളി വേഷമായ മട്ടാണ് ,ചിലർ കണ്ട് മല്ലേ ചിരിക്കുന്നുമുണ്ട് .എനിക്ക് എന്ത് ചെയ്യണമെന്ന് പൊലും അറിഞ്ഞില്ല ,ആ മനുഷ്യൻ ഒന്നും മിണ്ടുന്നില്ല ,എന്തും സംഭവിക്കാം പരസ്പരം ആളുകൾ നോക്കുന്നുമുണ്ട് ,അയാൾ വന്ന് എന്നെ ശകാരിച്ചാൽ ആകെ ഷെയിം ആകും എന്നതും ഉറപ്പാണ് .എങ്ങിനെയെങ്കിലും ക്ഷമാപണം നടത്തി അനുനയിപ്പിക്കാൻ ഒക്കുമോ,ഒന്ന് പോയി സോറി പറഞ്ഞാലോ ?..ഞാൻ ആകെ അങ്കലാപ്പിലാണ് ,ഒരു സംശയവും വേണ്ട അയാൾക് നല്ല ദേഷ്യമുണ്ടാകും .കല്യാണം കൂടാൻ വന്ന ഒരു മനുഷ്യന്റെ മാന്യമായ വസ്ത്രമാണ് ദേ കറിയിൽ മുങ്ങി നിൽകുന്നത് ,ഞാൻ സ്വയം ഒന്ന് വിലയിരുത്തി എന്താകുമോ എന്തോ."നിങ്ങൾക്ക് നോക്കി സെറ്റ് ചെയ്തൂടെ ബായി എന്താ കാട്ടിയത് "അതിനിടയിൽ കുറച്ച് ഏതോ ഒരുത്തൻ നിലത്ത് വീണ കറിയെയും ഇളക്കി പ്രശ്നം വഷളാക്കാൻ ശ്രമിക്കുകയാണ് .ഞാൻ പറഞ്ഞു "സുഹൃത്തേ ഞാൻ കരുതിക്കൂട്ടി മറിച്ചതല്ല സംഭവിച്ചു പോയതാണ്  ആ മനുഷ്യൻ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും ,എത്ര ശകാരിച്ചാലും അത് സഹിക്കും" വളരെ മാന്യതയോടെ ഞാൻ പറഞ്ഞു .പ്രശ്നം വഷളാകുന്ന മട്ടാണ് ...അതിനിടയിൽ ആ മനുഷ്യൻ എണീറ്റ്  പറഞ്ഞു എന്റെ ദേഹത്താണ് കറി മറിഞ്ഞത് ,എനിക്ക് അതേ പറ്റി ഒരു പരാതിയുമില്ല,തത്കാലം നിങ്ങൾ അതെ പറ്റി ഒരു ചർച്ച വിടുക .ഞാനാകെ അത്ഭുതപ്പെട്ടു ഞാൻ വീണ്ടും ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കി ,പടച്ചോനെ എന്തൊരു വാക്കാണ്,എന്ത് മാത്രം ക്ഷമാശീലതയോടെയാണ് അയാൾ പെരുമാറുന്നത് ,ഇദ്ദേഹം മനസ്സറിഞ്ഞു പറയുന്നതാണോ ,എന്നാലും ഹോ നെടുവീർപ്പണിഞ്ഞു പ്രശ്നക്കാരെല്ലാം പിരിഞ്ഞു പോയല്ലോ .അത്യാവശ്യം വസ്ത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കിയ ശേഷം ആ മനുഷ്യൻ എന്നെ വിളിച്ചു 'ഒന്ന് വരുമോ' .ഞാൻ വിചാരിച്ചു എന്താണ് ഇനി എന്തെങ്കിലും ഉണ്ടാകുമോ എന്റെ പരിഭ്രമം അതൊട്ടും മാറിയിട്ടില്ല .ഞാൻ പറഞ്ഞു "എന്നോട് ക്ഷമിക്കണം വലിയ തെറ്റാണ് ചെയ്തത് ,അറിയാതെ സംഭവിച്ചു പോയതാണ് ഒന്നും വിചാരിക്കരുതേ ".പക്ഷെ ആ മനുഷ്യന്റെ മറുപടി പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു "അതൊന്നും പ്രശ്നോ ഇല്ലപ്പാ ,അബദ്ദം ആർക്കും സംഭവിക്കാം ,എനിക്ക് ഒന്ന് കഴുകിയാൽ തീരുന്ന പ്രശ്നമേയുളൂ ..വെറുതെ തർക്കിച്ചു വാക്ക് പറഞ്ഞത് കൊണ്ട് ഒന്നും തിരിച്ചെടുക്കാൻ കഴിയില്ലല്ലോ ,എനിക്ക് ആ ഭക്ഷണം മറിഞ്ഞു പാഴായതിലാണ് കൂടുതൽ സങ്കടം ,ഇനി സർവീസ് ചെയ്യുമ്പോൾ നല്ലവണ്ണം ശ്രദ്ദിക്കണം ". എന്ത് മാത്രം അർത്ഥവത്തായ വാക്കുകളാണ് ,എന്ത് നല്ലൊരു സാമിപ്യമാണ് ,എന്തൊരു പാഠമാണ് ..ഇങ്ങനെയുള്ള മനുഷ്യന്മാരോക്കെ ഇപ്പോഴും ഉണ്ടല്ലോ .എന്റെ മനസ്സിലേക്ക് ഒരുപാട് കാര്യങ്ങളാണ് ഓർമ വന്നത് ,വണ്ടിക്ക് സൈഡ് നൽകാത്തതിന് വഴക്കിടാൻ ഓടിയവരാണ് നമ്മൾ ,കളിയിൽ പോലും നിസ്സാര കാര്യത്തിന് ശകാരം കൊള്ളുന്നവരാണ് ഇവിടെ ഈ മനുഷ്യന്റെ പ്രതികരണം ജീവിതത്തിലേക്ക് നല്ല ചിത്രങ്ങൾ പകരുകയാണ്.ഒരു ചെറിയ വിട്ട് വീഴ്ച കൊണ്ട് നമ്മൾ എത്രയോ അതികം സ്വീകാര്യരാവുകയാണ് ചെയ്യുന്നത് ,ക്ഷമാ എന്ന പദത്തിന്റെ പൊരുളറിയുന്നത് ഇന്നാണ് എന്ന്‌ പറയണം .ഞാൻ പറഞ്ഞു ഇന്ഷാ അള്ളാഹ് "ഇപ്പൊ കുറച്ച് തിരക്കുണ്ട് സപ്ലൈ വർക്ക്‌ നടന്ന് കൊണ്ടിരിക്കുകയാണ് ,നമ്മൾ ഇനിയും കാണണം ഏതൊരു വർക്കിലും ഞാൻ നിങ്ങളെ വീക്ഷിക്കും" ....തീർച്ചയായും ഉറപ്പല്ലേ അദ്ദേഹത്തിന്റെയും മറുപടി .എനിക്ക് അദ്ദേഹത്തോട് ഏത് രീതിയിൽ നന്ദി പറഞ്ഞാലും തീരില്ല എന്നായിരുന്നു, വലിയൊരു പ്രതിസന്ധിയിൽ നിന്നാണ് എന്നെ അയാൾ രക്ഷിച്ചത് എന്ന്‌ ഇവിടെ പറയേണ്ടി വരും. പോകാൻ നേരത്ത് ഞാൻ പറഞ്ഞു പടച്ചോൻ നിങ്ങൾക് എന്നും തുണ നൽകട്ടെ .അദ്ദേഹം തിരിച്ചും പറഞ്ഞു 'എനിക്കും നിങ്ങൾക്കും എല്ലാവർക്കും പടച്ചോൻ തുണയും സമാധാനവും ഏറ്റി നൽകട്ടെ ....

Tags

إرسال تعليق

0 تعليقات

Ads Area