സംസ്ഥാനത്ത് വ്യാഴാഴ്ച ശബരിമല സംരക്ഷണ സമിതി ഹര്‍ത്താല്‍  


ശബരിമല സ്ത്രീപ്രവേശനത്തിന് എതിരെ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ശബരിമല സംരക്ഷണ സമിതി. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം.

മുഖ്യമന്ത്രി ഹിന്ദുക്കളെ വെല്ലുവിളിക്കുകയാണെന്ന് അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത് സെക്രട്ടറി പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു. ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ശബരിമലയില്‍ കയറാന്‍ വരുന്ന അവിശ്വാസികളെയും അവര്‍ക്കു സംരക്ഷണം നല്കാന്‍ ശ്രമിക്കുന്ന പൊലീസിനെയും തടയുമെന്നും പ്രതീഷ് വിശ്വനാഥന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്നു പ്രഖ്യാപിച്ച ഹിന്ദു പരിഷത്ത് നേതാവ് പരമാവധി അയ്യപ്പ ഭക്തര്‍ അഞ്ചു ദിവസം താമസിക്കാന്‍ തയ്യാറായി നിലക്കല്‍ എത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലായിടത്തും അയ്യപ്പ ഭക്തര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനും ആഹ്വാനമുണ്ട്.

ശബരിമല വിഷയത്തിനു പരിഹാരമുണ്ടായില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് നേരത്തെ അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post