അക്കാദമിയെ നെഞ്ചേറ്റിയ റദ്ദുച്ച


  
✍️കരീം ദർബാർ കട്ട

     സമാന്തര വിദ്യാഭ്യാസ രംഗത്ത് അനുപമമായ സേവനങ്ങൾ സമർപ്പിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നായ കുമ്പള അക്കാദമിയുടെ ഗുണകാംക്ഷിയും സഹകാരിയുമായിരുന്നു അന്തരിച്ച മഞ്ചേശ്വരം എം എൽ എ റദ്ദുച്ച എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പി.ബി.അബ്ദുറസ്സാഖ്.കോളേജിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും നേരിട്ടന്വേഷിക്കുകയും ആവശ്യ സന്ദർഭങ്ങളിൽ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. കോളേജിന്റെ മിക്കവാറും പരിപാടികളിൽ ക്ഷണിക്കപ്പെടുകയും പരമാവധി പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. മാനേജിംഗ് ഡയറക്ടർ ഖലീൽ സാറുമായുള്ള വ്യക്തി ബന്ധം ആയിരുന്നു ഇതിനൊരളവ് വരെ ഹേതുവായത്.
        2011 ൽ എം എൽ എ ആയ ഘട്ടത്തിൽ കോളേജിന്റെ ഒരു പരിപാടിയിൽ സംബന്ധിച്ചപ്പോൾ വേദിയിൽ വെച്ച് ഒന്നുമല്ലാതിരുന്ന ഈ വിനീതനെ  എന്റെ പ്രിയ സുഹൃത്ത് യുസുഫ് ഉളുവാർ അദ്ദേഹത്തിന് സംഘടനാ പരമായി പരിചയപ്പെടുത്തി. തുടർന്ന് ഒരു പാട് കാര്യങ്ങൾ ഞങ്ങൾ പങ്ക് വെച്ചു. സംഘടനാ പരവും സ്ഥാപന സംബന്ധിയുമായ വിഷയങ്ങളായിരുന്നു കൂടുതലും . എസ് എം എഫിന്റെ ജില്ലാ കാര്യദർശിയായി തെരെഞ്ഞെടുക്കപ്പെടാനുള്ള കാരണവും അതിന് പിന്നിലെ ചരട് നീക്കങ്ങളും ഈ എളിയവനോട് പങ്ക് വെച്ചിരുന്നു.
        നിയമ സഭാ സാമാജികനായി ജനവിധി തേടിയ രണ്ട് ഘട്ടങ്ങളിലും വോട്ടഭ്യർത്ഥനയുമായി റദ്ദുച്ച കോളേജിന്റെ പടി കയറി ഡിഗ്രി ക്ലാസുകളിലെത്തിയിരുന്നു. കോളേജ് നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങളിൽ തന്റെ സാന്നിധ്യം അറിയിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.
           രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പ് അധ്യാപനവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ഒരു കാര്യത്തെ സ്വാർത്ഥ താൽപര്യാർത്ഥം ചിലർ സങ്കീർണ്ണമാക്കാൻ ശ്രമിച്ചു. സംഘടനാ വൈരാഗ്യമായിരുന്നു എന്ന് പിന്നീട് മനസ്സിലായി. ഏതായാലും ആ സങ്കീർണ്ണതയുടെ ചുരുൾ അഴിച്ച് അനുയോജ്യമായ ഒരു പരിഹാരം ഉണ്ടാക്കിത്തരാൻ മുന്നിൽ നിന്നത് റദ്ദുച്ച ആയിരുന്നു.
         ജന സേവനത്തിനും നാടിന്റെ വികസനത്തിനും അനാഥ, അഗതി, വിധവാ ,സംരക്ഷണത്തിനും അശരണരുടെ ഉത്ഥാനത്തിനും ദീനീ ഖിദ്മത്തിനും നിലകൊണ്ട ധന്യ ജീവിതത്തിന് തിരശ്ശീല വീണിരിക്കുന്നു.
       സൽക്കർമ്മങ്ങൾ അനേകമിരട്ടി പ്രതിഫലമുള്ളതായി നാഥൻ ഖബൂൽ ചെയ്ത് ദാറുൽ ഖുലൂദിൽ ഇടം നൽകട്ടെ. ആമീൻ
വീഴ്ചകൾ എല്ലാം നാഥൻ മാപ്പ് നൽകട്ടെ. ആമീൻ

Post a Comment

Previous Post Next Post