കാര്‍ ഓടിച്ചത് ബാലഭാസ്‌ക്കര്‍; താന്‍ പുറകില്‍ ഇരിക്കുകയായിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി

തിരുവനന്തപുരം:
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട കാർ അദ്ദേഹം തന്നെയാണ് ഓടിച്ചതെന്ന് ഡ്രൈവറുടെ മൊഴി. അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവർ അർജ്ജുനാണ് പോലീസിന് മൊഴി നൽകിയത്. ആശുപത്രിയിൽ നിന്നും ചികിത്സകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അർജ്ജുന്റെ മൊഴി ചൊവ്വാഴ്ചയാണ് പോലീസ് രേഖപ്പെടുത്തിയത്. തൃശ്ശൂരിൽ നിന്നും മടങ്ങവേ പുലർച്ചെ കൊല്ലത്ത് എത്തുന്നതുവരെ അർജ്ജുനാണ് കാർ ഓടിച്ചിരുന്നത്. കൊല്ലത്ത് കാർ നിർത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്കർ വാഹനമോടിക്കാൻ കയറിയതായി അർജ്ജുൻ പറഞ്ഞു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും കുഞ്ഞും മുൻവശത്ത് ഇടതുവശത്തെ സീറ്റിലായിരുന്നു ഇരുന്നത്. പിൻസീറ്റിൽ ഇരുന്ന അർജ്ജുൻ അപകടസമയത്ത് ഉറക്കത്തിലായിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. അവർ ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. അർജ്ജുൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ എന്നറിയാൻ ശരീരത്തിലെ മുറിവ് സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബർ 25-ന് പുലർച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ പള്ളിപ്പുറം താമരക്കുളത്ത് അപകടത്തിൽപ്പെട്ടത്. കൊല്ലത്ത് നിന്നും വരികയായിരുന്ന കാർ ദിശതെറ്റി റോഡിന് എതിർവശത്തെ മരത്തിൽ ഇടിക്കുകയായിരുന്നു.Post a Comment

Previous Post Next Post