ജലരക്ഷാ പ്രവർത്തനത്തിന് കരുത്തേകാൻ റബ്ബർ ഡിങ്കി ജില്ലയിലുമെത്തി

   നീലേശ്വരം: www.snewskasaragod.com

വെള്ളത്തിൽ രക്ഷാപ്രവർത്തനം നടത്താൻ അഗ്നിരക്ഷാസേനയ്ക്ക് കരുത്തേകി റബ്ബർ ഡിങ്കി ജില്ലയിലുമെത്തി. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അഗ്നിരക്ഷാ നിലയങ്ങളിലേക്ക് ജലരക്ഷാ പ്രവർത്തനത്തിനുതകുന്ന ഡിങ്കി എന്ന റബ്ബർ ബോട്ടുകൾ അനുവദിച്ചത്.


കാസർകോട്, കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയങ്ങളിലേക്കാണ് പുതുതായി ഇവ അനുവദിച്ചത്. ഇതോടെ നേരത്തേ കാസർകോട്ടുണ്ടായിരുന്ന ഡിങ്കി തൃക്കരിപ്പൂരിലേക്ക് കൈമാറും. ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ചും തുഴഞ്ഞും നീങ്ങാവുന്നതാണ് ഡിങ്കി എന്ന ഉപകരണം. അടിയൊഴുക്കില്ലാത്തയിടങ്ങളിൽ മുങ്ങാംകുഴിയിടാനുള്ള സ്കൂബ സംവിധാനം അഗ്നിരക്ഷാസേനയ്ക്ക്‌ നേരത്തേ നൽകിയിരുന്നു. ഫയർമാന്മാർക്ക് സ്കൂബ പരിശീലനവും നൽകി. ഇതിന്റെ അനുബന്ധമായാണ് ഡിങ്കി അനുവദിച്ചത്.

കുത്തൊഴുക്കില്ലാത്ത സ്ഥലങ്ങളിൽ 10 ഫയർമാന്മാരെയും വഹിച്ച് ഡിങ്കിക്ക് എത്താൻ സാധിക്കും. നിലവിൽ കുറ്റിക്കോൽ ഫയർ സ്റ്റേഷനിലെ ലീഡിങ് ഫയർമാൻ കെ.എ.മനോജാണ് ഡിങ്കി പരിശീലനം നേടിയിട്ടുള്ളത്. കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിലേക്ക് കഴിഞ്ഞദിവസം അനുവദിച്ച ഡിങ്കി നീലേശ്വരം കോട്ടപ്പുറത്ത് പുഴയിലിറക്കി പരീക്ഷണ ഓട്ടവും പരിശീലനവും നൽകി. സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷ്, അസി. ഓഫീസർ ഗോപാലകൃഷ്ണൻ മാവില എന്നിവരുടെ നേതൃത്വത്തിലായിരുന്നു രണ്ടുമണിക്കൂറോളം നീണ്ട പരിശീലനം. തടർപരിശീലനവും പൂർത്തിയാകുന്നതോടെ ഡിങ്കി ടീം പ്രവർത്തനസജ്ജരാകും.

Post a Comment

Previous Post Next Post