‘ദളിതനായതിനാൽ എന്നെ പുറത്താക്കി’ ; അവർ എന്റെ പിഎച്ച‌്ഡി രജിസ‌്ട്രേഷൻ റദ്ദാക്കി;  അധികൃതരുടെ നറികേടിനെതിരെ കാസർകോഡിലെ കേരള കേന്ദ്ര സർവകലാശാലയിൽനിന്ന‌് പുറത്താക്കപ്പെട്ട പിഎച്ച‌്ഡി വിദ്യാർഥി അജിത്ത‌ിന്റെ വാക്കുകൾ

കാസർകോട്:

‘അവർ എന്റെ പിഎച്ച‌്ഡി രജിസ‌്ട്രേഷൻ റദ്ദാക്കി ക്യാമ്പസിൽനിന്ന‌് ബോധപൂർവം പുറത്താക്കുകയിരുന്നു. ആർഎസ‌്എസ‌് ഓഫീസിൽനിന്നുള്ള പരാതിയിലാണ‌് ഈ നടപടി. ദളിത‌് വിഭാഗത്തിൽപ്പെട്ടയാളായതാണ‌് കാരണം. എസ‌്എഫ‌്ഐ പ്രവർത്തകനുമായിരുന്നു.’– കേരള കേന്ദ്ര സർവകലാശാലയിൽനിന്ന‌് പുറത്താക്കപ്പെട്ട പിഎച്ച‌്ഡി വിദ്യാർഥി അജിത്ത‌ിന്റെ വാക്കുകളിൽ ഇപ്പോഴും  അധികൃതരുടെ നെറികേടിനെതിരെയുള്ള പ്രതിഷേധമുണ്ട‌്.  കേരള കേന്ദ്ര സർവകലാശാല പുറത്താക്കിയ അജിത്ത‌് ഇപ്പോൾ ഹൈദരാബാദ‌് കേന്ദ്ര സർവകലാശാലയിൽ പിഎച്ച‌്ഡി വിദ്യാർഥിയാണ‌്. 

എറണാകുളം മഹാരാജാസ‌് കോളേജിൽനിന്ന‌് രസതന്ത്ര ബിരുദം നേടിയ അജിത്ത‌് പ്രവേശന പരീക്ഷയിൽ പൊതുവിഭാഗത്തിൽ രണ്ടാം റാങ്കോടെയാണ‌് കേരള കേന്ദ്ര സർവകലാശാലയിൽ ഇന്റർ നാഷണൽ സ‌്റ്റഡീസ‌്  എംഎ   വിദ്യാർഥിയായി ചേരുന്നത‌്. 2017 ൽ പിജി പൂർത്തിയാക്കിയ അജിത്ത‌് കേരളം ഉൾപ്പെടെ ഒമ്പത‌് കേന്ദ്ര സർവകലാശാലകൾ ചേർന്ന‌് നടത്തിയ പിഎച്ച‌്ഡി പ്രവേശന പരീക്ഷയെഴുതി. 35 ശതമാനം മാർക്കാണ‌് അജിത്തിന‌് ലഭിച്ചത‌്. കേരള കേന്ദ്ര സർവകലാശാല പ്രവേശനത്തിന‌് ഒരു അധികനിബന്ധന വച്ചു; 100 ൽ കുറഞ്ഞത‌് 50 മാർക്ക‌് വേണമെന്ന‌്. മറ്റ‌് സർവകലാശാലകളിലൊന്നും ഇല്ലാത്ത ഈ നിബന്ധനയ‌്ക്കെതിരെ അജിത്ത‌് പ്രധാനമന്ത്രിയുടെ ഓഫീസിനെയും ദേശീയ എസ‌്സി, എസ‌്ടി കമീഷനെയും സമീപിച്ചു. ഇതേ തുടർന്ന‌് സോഷ്യൽ സയൻസിന‌്  കുറഞ്ഞ മാർക്ക‌് 30 മതിയെന്ന‌്  2017 ഡിസംബർ ആറിന‌് ചേർന്ന സർവകലാശാല എക‌്സിക്യൂട്ടീവ‌് കൗൺസിൽ തീരുമാനിച്ചു. ഈ വർഷം ഫെബ്രുവരി ഒന്നിന‌് അജിത്ത‌് പിഎച്ച‌്ഡിക്ക‌് ചേർന്നു.

ഒരു മാസം തികയുന്നതിനുമുമ്പ‌് അജിത്തിനെതിരെ സർവകലാശാല നടപടിക്കുള്ള നീക്കം തുടങ്ങി. മാർച്ച‌് രണ്ടിന‌് ചേർന്ന സർവകലാശാല എക‌്സിക്യൂട്ടീവ‌് കൗൺസിൽ  പിഎച്ച‌്ഡി രജിസ‌്ട്രേഷൻ ക്രമവിരുദ്ധമാണെന്ന‌് വ്യാഖ്യാനിച്ച‌്   അന്വേഷണം തീരുമാനിച്ചു.  തൊട്ടടുത്ത ദിവസം അജിത്തിനെ ഹോസ‌്റ്റലിൽനിന്ന‌് പുറത്താക്കി. പിഎച്ച‌്ഡി രജിസ‌്ട്രേഷൻ റദ്ദാക്കുന്നതായ അറിയിപ്പ‌് ലഭിച്ചിരുന്നില്ലെന്ന‌് അജിത്ത‌് പറഞ്ഞു. ‘മാർച്ച‌് 21 നാണ‌്  സർവകലാശാലയുടെ ഔദ്യോഗിക അറിയിപ്പ‌് ലഭിക്കുന്നത‌്.

ഗൈഡിന്റെ അഭാവത്തിലായിരുന്നു ഇന്റർവ്യൂ എന്നാണ‌് കാരണം  പറഞ്ഞത‌്.   ഗൈഡ‌്  ഡോ. ഗിൽബർട്ട‌് സെബാസ്‌റ്റ്യൻ ഹൈദരാബാദ‌് സർവകലാശാലയിൽ ഔദ്യോഗിക ആവശ്യത്തിന‌് പോയതായിരുന്നു.  മാത്രമല്ല, ഒരു ഗൈഡിന്റെ കീഴിൽ നാലുപേർക്ക‌് ഗവേഷണം നടത്താമെന്നിരിക്കെ അദ്ദേഹത്തിന്റെ കീഴിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത‌്. എന്നിട്ടുംഎന്നെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കം’– അജിത്ത‌് പറഞ്ഞു.  ഇതിനെതിരെ മാർച്ച‌് 27ന‌് ഹൈക്കൊടതിയെ സമീപിച്ചു. 50 ശതമാനം മാർക്ക‌് ഇല്ലാത്തതിനാൽ രജിസ‌്ട്രേഷൻ റദ്ദാക്കി എന്നായിരുന്നു സർവകലാശാലയുടെ വാദം. അതിനിടെ ഹൈദരാബാദ‌് സർവകലാശാലയിൽ പിഎച്ച‌്ഡി പ്രവേശനം സാധ്യമായതിനാൽ വിടുതൽ സർട്ടിഫിക്കറ്റ‌് ആവശ്യമായി വന്നു. അതോടെ കേസ‌് അവസാനിപ്പിച്ചു.

‘എനിക്കെതിരെ പരാതി നൽകിയത‌് ആർഎസ‌്എസ‌് കണ്ണൂർ ഓഫീസായ രാഷ്ട്ര മന്ദിരത്തിൽനിന്നായിരുന്നു. ഫെബ്രുവരി 28ന‌് വൈകിട്ട‌് 5.44ന‌് സർവകലാശാല എക‌്സിക്യൂട്ടീവ‌് കൗൺസിൽ അംഗങ്ങൾക്ക‌് ഇ മെയിൽ വഴിയാണ‌് പരാതി നൽകിയത‌്. രജീഷ‌് മാച്ചേരിയുടെ ഇ–മെയിൽ ഐഡിയിൽനിന്നാണ‌് പരാതി.  ഫെബ്രുവരി 28ന‌് വൈകിട്ട‌് അയച്ച പരാതി മാർച്ച‌് രണ്ടിന‌്  സർവകലാശാല എക‌്സിക്യൂട്ടീവ‌് കൗൺസിൽ പരിഗണിച്ചു.  ഹിന്ദി പിഎച്ച‌്ഡി വിദ്യാർഥിയും ബിഹാർ സ്വദേശിയുമായ ശിവകുമാറിന്റെ രജിസ‌്ട്രേഷനും റദ്ദാക്കി. ദളിത‌് വിദ്യാർഥികൾക്കെതിരായ നിലപാടാണ‌് സർവകലാശാലയുടേത‌്. മഞ്ചേരി ശാന്തിഗ്രാമം സ്വദേശിയാണ‌് കെ അജിത്ത‌്. റിട്ട. ബാങ്ക‌് ജീവനക്കാരൻ കുഞ്ഞുണ്ണിയുടെയും സുധയുടെയും മകനാണ‌്.


Post a Comment

Previous Post Next Post