റദ്ദുച്ച നിങ്ങള്‍ കരയിപ്പിച്ചു കളഞ്ഞല്ലൊ


റദ്ദുച്ച
ഈ മരണം വിശ്വസിക്കാനാവുന്നില്ലല്ലൊ

ഇത്ര പെട്ടെന്ന്
ഒരു യാത്രമൊഴിപോലുമില്ലാതെ
പോയ്കളഞ്ഞുവെന്ന സത്യ ഉള്‍ക്കൊള്ളാനേ
കഴിയുന്നില്ലല്ലൊ

ആരോഗ്യപ്രശ്‌നങ്ങള്‍ അലോസരപ്പെടുത്തുമ്പോഴും
തിരക്കില്‍ നിന്ന് തിരക്കിലേക്കുള്ള
യാത്രയിലായിരുന്നല്ലൊ നിങ്ങള്‍

പുതിയ റോഡ്
പുതിയ വെളിച്ചം
പുതിയ പാലം
എന്റെ നാട്
എന്റെ പാര്‍ട്ടി
അങ്ങനെ അങ്ങനെ ചിന്തമുഴുവനും
മറ്റുള്ളവരെക്കുറിച്ചായിരുന്നല്ലൊ

റദ്ദുച്ച....
ഒരു വര്‍ഷം മുമ്പ്
ഒരു മസ്‌ക്കറ്റ് യാത്രയിലായിരുന്നു
ഞാന്‍ നിങ്ങളുടെ എളിമയും വിനയവും നേരിട്ടനുഭവിച്ചത്
ഒരേ ഹോട്ടലില്‍ ഒന്നിച്ച് താമസിച്ചപ്പോള്‍
ഒരേ പരിപാടിക്ക് ഒന്നിച്ച് പോയപ്പോള്‍
നിങ്ങളുടെ തമാശകലര്‍ന്ന സംസാരം കേട്ട്
ചിരിച്ച് വീണുപോയ ഓര്‍മ്മകളാണ് മനസ്സ് നിറയെ
വലിയ പ്രശ്‌നങ്ങളെപോലും ചിരിച്ച് തോല്‍പ്പിക്കാനുള്ള
കഴിവുണ്ടായിരുന്നു നിങ്ങള്‍ക്ക്

പത്രത്തിനുവേണ്ടി സ്ഥാനാര്‍ത്ഥിയോടൊപ്പമെന്ന
പരമ്പര ചെയ്യാനായി നിങ്ങളോടൊന്നിച്ച്
മഞ്ചേശ്വരത്തിന്റെ മണ്ണിലൂടെ കറങ്ങി തിരിയുമ്പോഴാണ്
നിങ്ങളെന്ന നേതാവിന്റെ സ്വാധീനം ഞാന്‍ നേരിട്ടറിഞ്ഞത്
സാധാരണക്കാരെപോലും പേരെടുത്ത് വിളിക്കുന്ന
ആ സ്‌നേഹത്തിലുണ്ടായിരുന്നു
ഒരു ജനകീയ നേതാവിന്റെ ക്വാളിറ്റിയത്രയും

റദ്ദുച്ച
കല്ല്യാണ വീട്ടില്‍ പോയി പാട്ടുപാടനും
പ്രവര്‍ത്തകരോടൊപ്പം ബൈക്കില്‍ കറങ്ങാനും
തട്ടുകടയില്‍ ചെന്ന് ചായ കുടിക്കാനും
നിങ്ങള്‍ക്ക് മാത്രമേ കഴിയു...

നിങ്ങള്‍ ഞങ്ങള്‍ക്ക് കേവലമൊരു നേതാവ് മാത്രമായിരുന്നില്ല
എം.എല്‍.എ ആയപ്പോഴും
നിങ്ങള്‍ ഞങ്ങള്‍ക്ക് റദുച്ചയായിരുന്നു
റദ്ദുച്ച എന്ന ആ വിളിയില്‍ എല്ലാമുണ്ടായിരുന്നു

സഹോദരന്‍, കൂട്ടുകാരന്‍, താങ്ങ്, തണല്‍
എന്താണ് അതിനെ വിശേഷിപ്പിക്കേണ്ടത്

കൂടെ നില്‍ക്കാനും കൂട്ടിരിക്കാനും കൂട്ടചിരി പടര്‍ത്താനും
ഞങ്ങള്‍ക്ക് ലഭിച്ച സൗഭാഗ്യമാണ്
ഒരു സുപ്രാഭതത്തില്‍ മാഞ്ഞുപോകുന്നത്

ഇല്ല റദ്ദുച്ച
എന്നിട്ടും വിശ്വസിക്കാനാവുന്നില്ല

Post a Comment

Previous Post Next Post