ഒരു പകൽകൊണ്ട് ഖുർആൻ ഓതിത്തീർത്ത മഞ്ചേശ്വരം സ്വദേശി മുഹമ്മദ് തസ്നീം കൗതുകമാകുന്നു

പൊയിനാച്ചി: 

രാവിലെ മുതൽ സന്ധ്യവരെ ഖുർആൻ മുഴുവനും ഉസ്താദിന്റെ മുൻപിൽ മനഃപാഠമായി ഓതിത്തീർത്ത് ഹിഫ്‌ള് പഠനം പൂർത്തിയാക്കിയിരിക്കുകയാണ് മുഹമ്മദ് തസ്നീം.


ദേളി സഅദിയ്യ ഹിഫ്‌ളുൽ ഖുർആൻ കോളേജിലെ വിദ്യാർഥിയാണ്. ഖുർആൻ പഠനം പൂർത്തിയാക്കിയതിനുശേഷം ഒരുവർഷംകൊണ്ടാണ് സാധാരണയായി ഗുരുനാഥനു മുന്നിൽ ഓതിക്കേൾപ്പിക്കുന്ന ’ജൽസത്തുൽ ദൗറ’ നടത്താറുള്ളത്. തസ്നീം ഇത് ഹാഫിളാകുന്ന അതേദിവസം പൂർത്തിയാക്കുകയായിരുന്നു. സ്‌കൂൾ പഠനത്തോടൊപ്പം രണ്ടു വർഷവും നാലു മാസവും കൊണ്ടാണ് തസ്‌നീം ഖുർആൻ മനഃപാഠമാക്കിയത്.

ഒറ്റയിരിപ്പിൽ ഖുർആൻ മുഴുവനും ഓതിത്തീർക്കുകയെന്നത് അപൂർവമാണ്. ഒന്ന്, അഞ്ച്, പത്ത്, പതിനഞ്ച്, ഇരുപത്, മുപ്പത് എന്ന ക്രമത്തിൽ വ്യത്യസ്തസമയങ്ങളിൽ ഓതിത്തീർക്കുന്ന ശൈലിയാണ് ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ കണ്ടുവരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായാണ് മുഹമ്മദ് തസ്‌നീം ഹിഫ്‌ള് പഠനത്തിൽ കഴിവ് തെളിയിച്ചത്. കഴിഞ്ഞ വർഷം 15 പേർ സഅദിയ്യയിൽ ഹാഫിളായിട്ടുണ്ട്.


മഞ്ചേശ്വരം മിയാപദവ് സ്വദേശി അമ്മബ്ബയുടെയും മർയയുടെയും മകനാണ് തസ്‌നീം. തസ്‌നീമിന്റെ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച സഅദിയ്യ ഹിഫ്‌ളുൽ ഖുർആൻ കോളേജ് ഉസ്താദുമാരായ അഹ്മദ് സഅദി ചേരൂർ, അൻവർ അലി സഖാഫി ഷിറിയ, യൂസുഫ് സഖാഫി അയ്യങ്കേരി, ഉസ്മാൻ മുസ്‌ലിയാർ മലപ്പുറം എന്നിവരെയും തസ്‌നീമിനെയും സഅദിയ്യ പ്രസിഡന്റ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ, ജനറൽ സെക്രട്ടറി ഫസൽ കോയമ്മ തങ്ങൾ കുറ, വർക്കിങ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് എന്നിവരും സഅദിയ്യ കമ്മിറ്റി അംഗങ്ങളും അനുമോദിച്ചു.


Post a Comment

أحدث أقدم

Whatsapp Group

close