3000 കോടിയുടെ പ്രതിമയും 20 കോടിക്ക് 192 പേര്‍ക്ക് വീടും: ഒരു കേരള/ഗുജറാത്ത് വികസന താരതമ്യം

ഒരു പ്രതിമയും ഒരു പാര്‍പ്പിട സമുച്ചയവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഒരേ ദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്ന രണ്ടിന്റെയും ആവശ്യകതയെന്താണെന്നാണ് മുഖ്യമായും സോഷ്യല്‍ മീഡിയയില്‍ പരിശോധിക്കപ്പെടുന്നത്. ഇതില്‍ പ്രതിമ സ്ഥിതിചെയ്യുന്നത് ഗുജറാത്തിലും കെട്ടിട സമുച്ചയമുള്ളത് കേരളത്തിലുമാണ്. സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇന്ന് അദ്ദേഹത്തിന്റെ പ്രതിമ ഉദ്ഘാടനം ചെയ്തത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ പ്രതിമയുടെ അനാഛാദനം നിര്‍വഹിച്ചു. ഏതാനും ദിവസങ്ങളിലായി ലോകത്തിലെ ഏറ്റവും വലിയ ഈ പ്രതിമയെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലൂടെ നാം കേട്ടുകൊണ്ടിരിക്കുകയാണ്. 33 മാസമെടുത്ത് 187 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിക്കാന്‍ 3000 കോടി രൂപയാണ് ചെലവഴിച്ചത്. ഐക്യത്തിന്റെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പ്രതിമ ഇന്ത്യയുടെ നിലനില്‍പ്പിനെക്കുറിച്ച് ചോദ്യം ഉയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയാണെന്നാണ് മോദി പറയുന്നത്. ഈ പ്രതിമ വിനോദ സഞ്ചാരം, തൊഴിലവസരങ്ങള്‍, ജനങ്ങളുടെ ജീവിത സാഹചര്യം എന്നിവയുടെ വളര്‍ച്ചയ്ക്ക് വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് ഇതെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. പ്രതിമ നിര്‍മ്മാണത്തിന് സഹകരിച്ച പ്രദേശത്തെ ആദിവാസികള്‍, കര്‍ഷകര്‍ എന്നിവരുടെ സംഭാവനകളെയും അദ്ദേഹം അനുസ്മരിച്ചു. പ്രതിമയുടെ നിര്‍മ്മാണത്തിനായി ലക്ഷക്കണക്കിന് കര്‍ഷകര്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്നാണ് മോദി പറയുന്നത്. അതായത് അവരുടെ മണ്ണ്, പണിയായുധങ്ങള്‍-ചുരുക്കി പറഞ്ഞാല്‍ ജീവിതം തന്നെയും ഈ പ്രതിമയ്ക്കായി വിട്ടുനല്‍കിയിരിക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കുന്ന ഒന്നായിരിക്കും ഈ പ്രതിമയെന്നാണ് അദ്ദേഹത്തിന്റെ വാദം. യാതൊരു പ്രയോജനവുമില്ലാത്ത ഈ പ്രതിമ എങ്ങനെയാണ് ഒരു രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രചോദനമാകുന്നതെന്ന് മാത്രം ചോദിക്കരുത്. ആയിരക്കണക്കിന് ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ ഇത്തരമൊരു പ്രതിമ എന്തിനായിരുന്നു എന്ന ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്. ലോകത്തിന് മുമ്പില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ പ്രതിമയ്ക്ക് സാധിക്കുമായിരിക്കും. ഒരു നേരത്തെ ഭക്ഷണമില്ലാതെ തലചായ്ക്കാന്‍ ഒരിടമില്ലാതെ ഈ പ്രതിമയുടെ താഴെ നിന്ന് മനുഷ്യന്‍ മുകളിലേക്ക് നോക്കുകയാണ്. വാ പൊളിച്ച് തന്നെ. പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാഡിയിലെ 75000 ആദിവാസികള്‍ ഈ പ്രതിമ അനാച്ഛാദന പരിപാടിയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്നത്തെ ദിവസം ഇവരുടെ വീടുകളില്‍ അടുപ്പ് പുകയില്ലെന്നാണ് ഇവര്‍ പറയുന്നത്. പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള സര്‍ദാര്‍ സരോവര്‍ നര്‍മ്മദ പദ്ധതിക്കും പ്രതിമക്കും പ്രദേശത്ത് ആസൂത്രണം ചെയ്യുന്ന മറ്റ് വിനോദസഞ്ചാര പദ്ധതികള്‍ക്കുമായി തങ്ങളുടെ ഭൂമി എടുത്തതായി ആദിവാസികളുടെ പരാതി. ഇതോടെ അവരുടെ ജീവനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ‘പദ്ധതി ദോഷം ചെയ്ത 72 ഗ്രാമങ്ങളിലും അന്നത്തെ ദിവസം ഞങ്ങള്‍ ദുഃഖാചരണം നടത്തുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യില്ല. ഈ പദ്ധതി ഞങ്ങളുടെ നാശത്തിനായി ഉണ്ടാക്കിയതാണ്,” എന്നാണ് ആദിവാസി നേതാവായ പ്രഫുല്‍ വാസവ പറഞ്ഞത്. ആചാരമനുസരിച്ച് മരിച്ചവര്‍ക്കായി ദുഃഖിക്കുമ്പോള്‍ ആദിവാസി വീടുകളില്‍ ഭക്ഷണം പാകം ചെയ്യാറില്ല. ഈ ആദിവാസികളും പ്രധാനമന്ത്രി പറഞ്ഞ കര്‍ഷകരില്‍ ഉള്‍പ്പെടുന്നു. അതായത് ഇവരുടെ ജീവിതമാണ് സര്‍ദാര്‍ പ്രതിമ തട്ടിയെടുത്തിരിക്കുന്നത്. എന്നാല്‍ മഹാനായ ഒരു വ്യക്തിക്ക് രാജ്യം നല്‍കുന്ന ആദരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നതാണെന്നാണ് പ്രധാനമന്ത്രി ഈ പ്രതിഷേധത്തെക്കുറിച്ച് പറഞ്ഞത്. പട്ടേലിനെ രാഷ്ട്ര നേതാവായി ഉയര്‍ത്തിക്കാട്ടുന്നത് വലിയ തെറ്റായാണ് ഇത്തരക്കാര്‍ കാണുന്നതെന്നും മോദി ആരോപിക്കുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ 3000 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഒരു പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഗുജറാത്തില്‍ ഉത്ഘാടനം ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയിലെ വ്ിമര്‍ശനം. പ്രതിമയുടെ ഉദ്ഘാടനം 72 ഗ്രാമങ്ങളിലെ വീടുകളില്‍ അടുപ്പ് പുകച്ചില്ലെങ്കില്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന മറ്റൊരു ഉദ്ഘാടനത്തിന് ശേഷം 192 വീടുകളില്‍ അടുപ്പ് പുകയാന്‍ തുടങ്ങുകയാണ്. തിരുവനന്തപുരം മുട്ടത്തറയില്‍ കടലോര നിവാസികളായ 192 കുടുംബത്തിന് തല ചായ്ക്കാനായി 20 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഫ്‌ളാറ്റുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നിര്‍വഹിച്ചത്. ഒരു നാടിന്റെ യശസ്സ് വാനോളം ഉയര്‍ത്തുക കരിങ്കല്‍പ്രതിമകളല്ല; ആ നാട്ടിലെ സാധാരണ ജനതയോട് അവിടത്തെ സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധതയാണെന്നാണ് ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച. കടലോര ജനതയ്ക്ക് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും എല്‍ഡിഎഫ് സര്‍ക്കാരും നല്‍കിയ വാക്ക് പറഞ്ഞതിലും മുമ്പേ പാലിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കടലാക്രമണ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസമാണ് ഇവിടെ സാധ്യമാകുന്നത്. അലറിയടിക്കുന്ന തിരമാലകള്‍ക്കിടയില്‍ നിന്നും ജീവന്‍ വാരിയെടുത്ത് ഓടി രക്ഷപ്പെട്ടുകൊണ്ടിരുന്ന 192 കുടുംബങ്ങളെ സംബന്ധിച്ച് ഇതൊരു പുനര്‍ജന്മം ആയിരിക്കും. കടലിന്റെ മക്കളാണെങ്കിലും എപ്പോള്‍ വേണമെങ്കിലും ഒരു തിരമാലയില്‍ ഒലിച്ച് പോയേക്കാമെന്ന ഭീതിയിലാണ് ഇവര്‍ ഇക്കാലമത്രയും ഉറങ്ങാന്‍ കിടന്നിരുന്നത്. ഇനി മുതല്‍ അത്തരം ആശങ്കകളില്ലാതെ ഇവര്‍ക്ക് ഉറങ്ങാമെന്നതാണ് ഇന്ന് കേരളത്തില്‍ നടന്ന ഉദ്ഘാടനത്തിന്റെ പരിണിത ഫലം. പട്ടേല്‍ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കണ്ട ആക്ഷേപഹാസ്യം ഇങ്ങനെയാണ്. ‘പ്രതിമയ്ക്ക് പട്ടിണി മാറ്റാന്‍ കഴിയുമോ.. വീടില്ലാത്തവന് വീട് വെച്ച് കൊടുത്തിട്ട് പോരെ പ്രതിമ നിര്‍മ്മാണം എന്നൊക്കെയുള്ള സ്ഥിരം പിന്തിരിപ്പന്‍ ചോദ്യങ്ങളുമായി വരുന്ന കപട മനുഷ്യസ്‌നേഹികളോട്.. കയ്യിലെ കാശും ചെലവാക്കി ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ പോയി സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ മുന്നില്‍ പോയി നിന്ന് അന്തം വിട്ടു കുന്തം വിഴുങ്ങാം.. ബ്രസീലില്‍ പോയി ക്രൈസ്‌ടോ റിഡാണ്ടറിന്റെ മുന്നിലും, ചൈനയിലെ സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധ പ്രതിമയ്ക്ക് മുന്നിലും, ഫ്രാന്‍സിലുള്ള ഈഫല്‍ ടവറിനും മുന്നിലും, മലേഷ്യയിലെ ട്വിന്‍ ടവേര്‍സിന് മുന്നിലും ഒക്കെ പോയി നിന്ന് അഭിമാനത്തോടെ സെല്‍ഫി എടുക്കാം.. എന്നിട്ട് അവിടുത്തെ ശില്‍പചാരുതയെക്കുറിച്ചും കരവിരുതിനെപ്പറ്റിയും വാചാനലാവാം, കൂടെ സ്വന്തം നാടിനെക്കുറിച്ച് അല്പം പുച്ഛവും… സ്വന്തം നാട്ടില്‍, ലോകോത്തരമായ ഒരു സ്മാരകം വരുന്നു എന്ന് കേള്‍ക്കുമ്പോ മാത്രം ഇത്രമാത്രം പുച്ഛം കാണിക്കുകയും പട്ടിണിയുടെ കണക്ക് പറയുകയും ചെയ്യുന്ന ഈ പിന്തിരിപ്പന്‍ മൂരാച്ചി സ്വഭാവം ആണ് ആദ്യം മാറ്റേണ്ടത്. ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ പോക്കുന്നത് വെറും ഒരു പ്രതിമയല്ല എന്നുള്ളത് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അറിവുള്ള കാര്യമാണ്… സര്‍ദാര്‍ പട്ടേലിന്റെ രൂപത്തില്‍ എക്‌സ്ടീരിയര്‍ ഡിസൈന്‍ ചെയ്‌തെടുത്ത 597 അടി ഉയരത്തിലുള്ള ഒരു പടുകൂറ്റന്‍ കെട്ടിടസമുച്ചയം ആണത്… പുറമേ നിന്ന് നോക്കിയാല്‍ ഒരു കൂറ്റന്‍ പ്രതിമ, അതിനുള്ളില്‍ , കാര്‍ഷിക സര്‍വ്വകലാശാല , ട്രൈബല്‍ യൂണിവേഴ്‌സിറ്റി, വിശാലമായ കണ്‍വെന്‍ഷന്‍ സെന്ററുകള്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടകള്‍, ഹെരിറ്റേജ് മ്യൂസിയം, ഹോട്ടലുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങി വിസ്മയപ്പിക്കുന്ന അട്ഭുതക്കാഴ്ചകള്‍ അടങ്ങുന്ന ലോകത്തില്‍ തന്നെ ഏറ്റവും മികവുറ്റ ഒരു കലാസൃഷ്ടി ആണവിടെ വരുന്നത്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കുള്ളില്‍ കാലു മുതല്‍ തല വരെ ലിഫ്റ്റ് വഴി സഞ്ചരിക്കാനും ഏറ്റവും ഉയരത്തില്‍ ഇരുന്നു നര്‍മദയുടെ ഏരിയല്‍ വ്യൂ ആസ്വദിക്കാനും കഴിയും. പണി തീര്‍ന്നു കഴിഞ്ഞാല്‍, ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഒരു ഒന്നാന്തരം ടൂറിസ്റ്റ് സ്‌പോട്ട് ആയി അത് മാറും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ സ്മാരകം വഴി രാജ്യം ടൂറിസം ഇനത്തില്‍ സമ്പാദിക്കാന്‍ പോകുന്ന വരുമാനത്തിന്റെ അളവ് നമ്മുടെയൊക്കെ പ്രവചനങ്ങള്‍ക്ക് അതീതമായിരിക്കും എന്നാണു സാമ്പത്തിക വിദഗ്ദന്മാര്‍ പറയുന്നത്.’ ഓഗസ്റ്റ് മാസത്തില്‍ കേരളത്തെ വിഴുങ്ങിയ പ്രളയത്തില്‍ 20,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ അനുവദിച്ചത് കേവലം 600 കോടി രൂപ മാത്രമായിരുന്നു. പ്രതിമയ്ക്ക് 3000 കോടി ചെലവഴിക്കുമ്പോള്‍ പ്രളയത്തില്‍ ജീവിതം തകര്‍ന്നവര്‍ക്ക് വെറും 600 കോടിയോയെന്ന് അന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. രാജ്യത്ത് നിലവിലുള്ള അനേകലക്ഷം പ്രതിമകള്‍ക്ക് താഴെ മനുഷ്യര്‍ ഒഴിഞ്ഞ വയറുമായി ചുരുണ്ടുകിടക്കുമ്പോഴാണ് ഇത്തരമൊരു പ്രതിമയും കൊട്ടിഘോഷിക്കപ്പെട്ട അതിന്റെ ഉദ്ഘാടനവും. അതേസമയം സുരക്ഷിതമായി അന്തിയുറങ്ങാനാകാത്ത   കൂട്ടം മനുഷ്യര്‍ക്ക് ആശ്വാസമാകുകയാണ് ഇന്ന് ഇവിടെ നടക്കുന്ന ഉദ്ഘാടനം. ഇതുകൊണ്ടൊക്കെയാണ് കേരളം രാജ്യത്തിന് മാതൃകയാണെന്ന് പറയുന്നതും

കടപ്പാട്:

Post a Comment

Previous Post Next Post
close