മധൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നൽകിയ ലാബ് ഉപകരണങ്ങൾ നശിക്കുന്നു

മധൂർ: 

മധൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി എച്ച്.എ.എൽ. അധികൃതർ വർഷങ്ങൾക്ക് മുൻപ്‌ നൽകിയ ലബോറട്ടറി സാമഗ്രികൾ നശിക്കുന്നതായി പരാതി. മധൂർ പഞ്ചായത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ വികസനത്തിന്റെ ഭാഗമായിട്ടായിരുന്നു ലബോറട്ടറി സാമഗ്രികൾ പഞ്ചായത്തിന് നൽകിയത്. നാലര ലക്ഷം രൂപയുടെ ലബോറട്ടറി സാമഗ്രികൾ സീതാംഗോളി എച്ച്.എ.എൽ. അധികൃതർ നൽകിയതായി മധൂർ പഞ്ചായത്ത് എച്ച്.എം.സി. അംഗങ്ങൾ പറയുന്നു. ഈ സാമഗ്രികൾ എവിടെയാണെന്നോ ഇതിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നോ അറിയില്ലെന്നും അവർ പറയുന്നു. പഞ്ചായത്തിൽ എച്ച്.എം.സി. യോഗങ്ങൾ ചേർന്നിട്ടുതന്നെ മാസങ്ങൾ കഴിഞ്ഞുവെന്നും ഇവർ കൂട്ടിച്ചേർത്തു. ദിവസേന നൂറുകണക്കിന് രോഗികളെത്തുന്നുണ്ടിവിടെ. ലബോറട്ടറി പരിശോധന ആവശ്യമായിവരുന്ന രോഗികൾക്ക് പരിശോധനയ്ക്കായി പുറത്തേക്ക് കുറിപ്പുനൽകുകയാണ് ചെയ്യുന്നത്.


ലബോറട്ടറി സാമഗ്രികൾ മധൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആരെങ്കിലും നൽകിയതായി അറിയില്ലെന്നും പഞ്ചായത്തിലോ മറ്റോ ഇവ സൂക്ഷിച്ചിട്ടുണ്ടോയെന്നകാര്യം വ്യക്തമല്ലെന്നും മെഡിക്കൽ ഓഫീസർ സന്ധ്യ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലബോറട്ടറി സംവിധാനങ്ങളുണ്ടാകാറില്ലെന്നും അവർ പറഞ്ഞു.

Post a Comment

Previous Post Next Post
close