കാഞ്ഞങ്ങാട് കല്യാണ വീട്ടില്‍ നിന്നും ലക്ഷങ്ങൾ കവർന്നു :പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട് : 
കാഞ്ഞങ്ങാട് കല്യാണവീട്ടില്‍ നിന്നും രണ്ടര ലക്ഷം രൂപ കവര്‍ന്നു. ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശ്രമിക് ഭവനു തൊട്ടതുത്ത് പുതിയവളപ്പിലെ വി. കൃഷ്ണന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്. ഇദ്ദേഹത്തിന്റെ മകന്റെ കല്യാണം ഇന്നലെ കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ നടന്നിരുന്നു. കല്യാണ ചടങ്ങിനായി ഓഡിറ്റോറിയത്തിലേക്കു പോയി വൈകിട്ട് തിരിച്ചെത്തിയ വീട്ടുകാര്‍ ഷെല്‍ഫ് തുറക്കാന്‍ നോക്കിയപ്പോഴാണ് ഷെല്‍ഫ് പൂട്ടിയതായി കണ്ടത്.

ഏറെ തിരഞ്ഞിട്ടും താക്കോല്‍ കാണാത്തതിനെ തുടര്‍ന്ന് ടെക്‌നിഷ്യനെ കൊണ്ടുവന്ന് അലമാരയുടെ പൂട്ടു തകര്‍ത്ത് പണം വച്ച കള്ളിയില്‍ നോക്കിയപ്പോഴാണ് തുക നഷ്ടപ്പെട്ടതായി കണ്ടത്. വരന്റെ കിടപ്പുമുറിയിലായിരുന്നു അലമാര. രാവിലെ ചടങ്ങുകള്‍ക്കിടെ വരന്‍ അലമാരയില്‍ നിന്നു പല ആവശ്യങ്ങള്‍ക്കും പണമെടുത്തു നല്‍കിയിരുന്നു. ഇതു കണ്ണില്‍ പെട്ട ആരോ തുക മോഷ്ടിച്ച് അലമാര പൂട്ടി കടന്നു കളഞ്ഞതാണെന്ന് കരുതുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് ഒപേര ടെയ്ലേഴ്‌സ് ഉടമ വേണുവിന്റെ ജ്യേഷ്ഠ സഹോദരനാണ് കൃഷ്ണന്‍.

Post a Comment

Previous Post Next Post
close