തീ പിടിത്തം പതിവാകുന്നു നീര്‍ച്ചാലില്‍ ഫയര്‍‌സ്റ്റേഷന്‍ വേണം: മുഖ്യമന്ത്രിക്ക്‌ നിവേദനം


നീര്‍ച്ചാല്‍:
തീ പിടിത്തവും പ്രകൃതി ക്ഷോഭങ്ങളും പതിവാകുന്ന മലയോരമേഖലയില്‍ നീര്‍ച്ചാല്‍ കേന്ദ്രീകരിച്ച്‌ ഫയര്‍‌സ്റ്റേഷന്‍ ഉടന്‍ സ്ഥാപിക്കണമെന്നു ജനതാദള്‍ നേതാവ്‌ എം എച്ച്‌ ജനാര്‍ദ്ദനന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

നീര്‍ച്ചാലില്‍ ഫയര്‍‌സ്റ്റേഷന്‍ അനുവദിക്കുന്നതു സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഭരണാനുമതി നല്‍കാത്തതു ജനങ്ങളെ ഉത്‌ക്കണ്‌ഠയിലാക്കിയിരിക്കുകയാണെന്നു നിവേദനത്തില്‍ പറഞ്ഞു. ഫയര്‍‌സ്റ്റേഷനു വേണ്ടി ബേള വില്ലേജിലെ ആര്‍ എസ്‌ നമ്പര്‍ 348/2ല്‍ സ്ഥലം അനുവദിക്കാന്‍ റവന്യൂ വകുപ്പു നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ഇവിടെ സ്വന്തം കെട്ടിടവും അനുബന്ധ സൗകര്യവും ഏര്‍പ്പെടുത്തുന്നതു വരെ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കാന്‍ സൗജന്യമായി കെട്ടിടം വിട്ടുകൊടുക്കാനും നാട്ടുകാര്‍ തയ്യാറാണ്‌.
ബദിയഡുക്ക, എന്‍മകജെ, കുംബഡാജെ, ബള്ളൂര്‍, പുത്തിഗെ, കാറഡുക്ക പഞ്ചായത്ത്‌ പ്രദേശങ്ങളില്‍ അത്യാഹിതങ്ങളോ പ്രകൃതി ക്ഷോഭമോ ഉണ്ടായാല്‍ കാസര്‍കോട്ടു നിന്നു ഫയര്‍ഫോഴ്‌സ്‌ എത്തണമെങ്കില്‍ അറുപതു കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്‌. ഈ സമയത്തിനുള്ളില്‍ നാശം പൂര്‍ണമാവാനാണ്‌ സാധ്യത. കഴിഞ്ഞ ദിവസം നീര്‍ച്ചാല്‍, പുതുക്കാളി, എരട്ടക്കാഞ്ഞിരം എന്നീ ഭാഗങ്ങളില്‍ 40 ഏക്കര്‍ സ്ഥലം തീപിടിച്ചു കത്തി നശിച്ച സംഭവം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
close