ബി.ജെ.പി. ഭരണനേട്ടത്തിനുപകരം വർഗീയത ആയുധമാക്കുന്നു -പി.കെ.ഫിറോസ്


കാസർകോട്:(www.snewskasaragod.com)

 ഭരണനേട്ടത്തിനെക്കുറിച്ച് ഒരക്ഷരം പറയാനില്ലാത്ത ബി.ജെ.പി. വർഗീയത ആയുധമാക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിഭരണത്തിനുകീഴിൽ ഇന്ത്യ എന്നത് രാഷ്ട്രത്തിനുപകരം ഒരു മഹാദുരന്തം ആവാതിരിക്കാനുള്ള പടപ്പുറപ്പാടാണ് യൂത്ത് ലീഗിന്റെ യാത്ര. വരാനിരിക്കുന്ന നിയമസഭകളിലെ തിരഞ്ഞെടുപ്പുഫലം ഭാവി ഇന്ത്യൻ പ്രധാനമന്ത്രി രാഹുൽഗാന്ധിയാണെന്നുള്ള പ്രതീക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭരണനേട്ടങ്ങൾ അവകാശപ്പെടാനില്ലാത്ത എൽ.ഡി.എഫ്. സർക്കാർ വിവാദമുണ്ടാക്കി ഭരണത്തിൽ തുടരാനുള്ള പരീക്ഷണം നടത്തുകയാണ്. ശബരിമലയുടെയും ആരാധനലയങ്ങളുടെയും പേരുപറഞ്ഞ് വിശ്വാസികളെ മുഴവൻ പരിഹസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ അന്തരിച്ച എം.എൽ.എ. പി.ബി.അബ്ദുൾറസാഖിന്റെ പേരിനുപകരം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീന്റെ പേര് പറഞ്ഞത് സദസ്സിൽ അമ്പരപ്പും ചിരിയും പടർത്തി. തുടർന്ന് ഈ യാത്രയ്ക്കായി ഓടിനടന്നതിനാൽ ഖമറുദ്ദീന്റെ പേര് നാവിൽനിന്ന്‌ പോവുന്നില്ലെന്നു പറഞ്ഞ് അദ്ദേഹം തനിക്കുപറ്റിയ തെറ്റ് തിരുത്തി. ചെർക്കളം അബ്ദുള്ള, തലശ്ശേരിയിൽ യാത്രയുടെ സ്വീകരണത്തിനായി കൊടികെട്ടുന്നതിനിടെ മരത്തിൽനിന്ന് വീണ് മരിച്ച എം.എസ്.എഫ്. പ്രവർത്തകൻ ആസിഫ് എന്നിവരെയും ചടങ്ങിൽ ഫിറോസ് അനുസ്മരിച്ചു. എൻ.ശംസുദ്ദീൻ, പി.എം.സാദിഖലി, സാബിർ ഗഫൂർ, സി.കെ.സുബൈർ, എ.കെ.എം.അശ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. യാത്ര ഞായറാഴ്ച രാവിലെ എട്ടിന് കുമ്പളയിൽനിന്ന് തുടങ്ങും. ഉച്ചയ്ക്ക് 12.30ന് ഏരിയാലിലെ സ്വീകരണത്തിനുശേഷം വൈകീട്ട് ആറിന് നായന്മാർമൂലയിൽ സമാപിക്കും.


Post a Comment

Previous Post Next Post
close