എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും അവയവമാറ്റ ശസ്ത്രക്രിയ: മുഖ്യമന്ത്രി

ബദിയടുക്ക :

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെയും അവയവമാറ്റ ശസ്ത്രക്രിയകള്‍ ചെയ്യുന്നതിനു സജ്ജമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഹൃദയം, കരള്‍ എന്നിവ മാറ്റിവയ്ക്കുന്നതിനും ആധുനികമായ ഹൃദയശസ്ത്രക്രിയകള്‍ക്കും സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ചിലയിടത്തു ഹൃദയം മാറ്റിവയ്ക്കല്‍ തന്നെ നടന്നുകഴിഞ്ഞു. വൃക്ക മാറ്റിവയ്ക്കലും കരള്‍ മാറ്റിവയ്ക്കലും നടക്കുന്നുണ്ട്. ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടക്കുന്ന സൗകര്യങ്ങളാണു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒരുങ്ങുന്നത്. കാന്‍സറിനും ഫലപ്രദമായ മികച്ച ചികില്‍സാ സൗകര്യങ്ങളാണു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒരുക്കുന്നത്. നിലവില്‍ തിരുവനന്തപുരം ആര്‍സിസിയിലും മലബാര്‍ കാന്‍സര്‍ സെന്ററിലുമാണു മികച്ച കാന്‍സര്‍ ചികില്‍സ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണോദ്ഘാടനം ബദിയടുക്ക ഉക്കിനടുക്കയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ആതുരശുശ്രൂഷാ രംഗം വലിയ മാറ്റത്തിന്റെ പാതയിലാണ്. രാജ്യത്തെ ഏതൊരു സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയോടും കിടപിടക്കുന്ന രീതിയിലാണു മെഡിക്കല്‍ കോളജുകള്‍ സജ്ജമാക്കുന്നത്. അത്തരം എല്ലാ ആധുനിക സൗകര്യങ്ങളും വ്യത്യസ്തമായ ഡിപാര്‍ട്ട്‌മെന്റുകളും അടങ്ങിയതാവും നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍.
ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളും രോഗി സൗഹൃദമാക്കുന്ന പദ്ധതിക്ക് രൂപംനല്‍കിയിരിക്കുകയാണ്. ആശുപത്രികളിലെത്തി പേര് രജിസ്റ്റര്‍ ചെയ്യുന്നതു മുതല്‍ ഡോക്ടറെ കണ്ടു മടങ്ങുന്നതു വരെയുള്ള കാര്യങ്ങള്‍ ഇതോടെ ലളിതമായി. ഏതു ഡോക്ടറെ, ഏതു സമയത്തു കാണാമെന്നു രോഗിക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയും. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പാക്കിയതു ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ആരോഗ്യ മേഖലയില്‍ 830 തസ്തികകള്‍ പുതിയതായി അനുവദിച്ചു. ഇത് സംസ്ഥാന ചരിത്രത്തില്‍ റെക്കോഡ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post
close