തീവ്രവാദം ഉപേക്ഷിച്ച് നസീര്‍ വാനി എത്തിയത് ഇന്ത്യന്‍ സൈന്യത്തിലേക്ക്; ഒടുവില്‍ ആറു തീവ്രവാദികളെ വധിച്ച് വീരമൃത്യു; ത്രിവര്‍ണ്ണ പതാക പുതപ്പിച്ചെത്തിയ സൈനികന്റെ മൃതദേഹത്തിന് മുന്നില്‍ കണ്ണീര്‍ വാര്‍ത്ത് ഈ ഗ്രാമം

ശ്രീനഗര്‍:

കാശ്മീരിലെ ഷോപ്പിയാനില്‍ ഞായറാഴ്ചയുണ്ടായ മണിക്കൂറുകള്‍ നീണ്ട എറ്റുമുട്ടലിനൊടുവില്‍ ആറു തീവ്രവാദികളെ വധിച്ച ശേഷം വീരമൃത്യുവടഞ്ഞ ലാന്‍സ് നായ്ക്ക് നസീര്‍ അഹമ്മദ് വാനിക്ക് (38) രാജ്യത്തിന്റെ അന്താഞ്ജലി. ത്രിവര്‍ണ്ണ പതാക പുതപ്പിച്ച് ഈ ധീരജവാന്റെ മൃതദേഹം ജന്മനാട്ടിലേക്ക് എത്തിക്കുമ്പോള്‍ കുടുംബത്തോടൊപ്പം കണ്ണീര്‍ അടക്കാനാവാതെ തേങ്ങുകയായിരുന്നു ഈ ഗ്രാമമൊന്നാകെ. കുള്‍ഗാം ജില്ലയിലെ ചാക് അഷ്മുജി ഗ്രാമമാണ് വാനിയുടെ ജന്മനാട്. ഭാര്യയേയും രണ്ടു മക്കളെയും തനിച്ചാക്കിയാണ് രാജ്യത്തിനു വേണ്ടി വാനി ജീവത്യാഗം ചെയ്തത്.

ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും ധീരരായ സൈനികരുടെ നിരയിലേക്ക് വാനി എത്തിയത് രാജ്യത്തിന്റെ ശത്രുപക്ഷത്ത് നിന്നുമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിലെ തീവ്രവാദ വിരുദ്ധസേനയുടെ ഭാഗമാകും മുമ്പ് തീവ്രവാദിയായിരുന്നു വാനി. പിന്നീട് കീഴടങ്ങിയ ശേഷം സൈന്യത്തില്‍ ചേര്‍ന്ന് ഏറ്റവും മികച്ച പരിശീലനം നേടുകയും രാജ്യത്തിനായി സേവനമനുഷ്ടിക്കുകയും ചെയ്തു. വാനി ഈ വര്‍ഷം ആഗസ്റ്റില്‍ 2007 ലെ വിശിഷ്ട സേവനത്തിനുള്ള സേനാ മെഡലിനും അര്‍ഹനായി.

തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കാലത്ത് പതിയെ തിരിച്ചറിവുണ്ടാവുകയും താന്‍ ക്രൂരമായ അക്രമങ്ങളാണ് നടത്തുന്നതെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെ വാനി സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയും നുഴഞ്ഞുകയറ്റ വിരുദ്ധ സേനയുടെ ഭാഗമായി രാജ്യസേവനം തെരഞ്ഞെടുക്കുകയുമായിരുന്നു. 2004 ല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ 162 ബറ്റാലിയനിലൂടെയാണ് സൈനികനായുള്ള രണ്ടാം ജന്മം തുടങ്ങിയത്. തെക്കന്‍ കശ്മീരിലെ തീവ്രവാദ ബന്ധങ്ങളുള്ള മേഖലയാണ് കുല്‍ഗാം ജില്ല.

ചെക്കി അഷ്മുജി ഗ്രാമമാകട്ടെ ക്രൂരമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട കോയിന്‍മൂയെ പോലെതന്നെയുള്ളതും. രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്റെ ഭാഗമായിരുന്ന വാനിക്ക് ഞായറാഴ്ച ഷോപിയാനിലെ ബത്താഗുണ്ടില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടയില്‍ വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വാനിയെ പ്രാഥമിക ശുശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

©Bignews

Post a Comment

Previous Post Next Post
close