കാസറഗോഡ് ലോട്ടറി തട്ടിപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും : ജില്ലാ കളക്ടര്‍

കാസർകോട്:

ജില്ലയില്‍ ലോട്ടറി തട്ടിപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ലോട്ടറി വകുപ്പിനും പൊലീസിനും ജില്ലാ കളക്റ്റര്‍ ഡോ. ഡി. സജിത് ബാബു നിര്‍ദേശം നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലാണ് നിര്‍ദേശം. വ്യാജലോട്ടറി,എഴുത്ത് ലോട്ടറി, ഒറ്റ അക്ക നമ്പര്‍, മൂന്ന് അക്ക നമ്പര്‍ ലോട്ടറി എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കി.

രാജ്യത്തെ ഏറ്റവും സുതാര്യവും വിശ്വസ്തവുമായ ലോട്ടറിയാണ് കേരളത്തിന്റേത്. യഥാര്‍ഥ ലോട്ടറി വില്‍പനയിലൂടെ സര്‍ക്കാരിലേക്ക് ലഭിക്കേണ്ട പണവും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സമ്മാനത്തുകയുമാണ് വ്യാജലോട്ടറി വില്‍പ്പനയിലൂടെ നഷ്ടപ്പെടുന്നത്. വ്യാജലോട്ടറി വില്‍പ്പനയ്ക്ക് കൂട്ടുനില്‍ക്കുന്ന ഏജന്‍സികള്‍ക്ക് എതിരെയും വ്യക്തികള്‍ക്കെതിരെയും നടപടി സ്വീകരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ദിനംപ്രതി നറുക്കെടുക്കുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന്റെ അവസാന മൂന്നക്കം പ്രവചിച്ച് ജനങ്ങളില്‍ നിന്ന് അനധികൃതമായി പണം കൈപ്പറ്റി ടിക്കറ്റ് നല്‍കാതെയുള്ള ചൂഷണവും മറ്റ് അനധികൃത-വ്യാജലോട്ടറി വില്‍പ്പനയും ശ്രദ്ധയില്‍പ്പെട്ടാല്‍ 1090എന്ന നമ്പറിലേക്ക് പൊതുജനങ്ങള്‍ വിവരം നല്‍കണം. വിവരം നല്‍കുന്നവരെക്കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അവലോകന യോഗത്തില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ എം കൃഷ്ണരാജ്,ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ കെ മധു,ക്രൈം ബ്രാഞ്ച് എഎസ്‌ഐ പി ബാബു, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ അനില്‍കുമാര്‍,ലോട്ടറി വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് എം വി രാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു. Post a Comment

Previous Post Next Post
close