വിനോദ സഞ്ചാരികൾക്കായി തൃക്കരിപ്പൂർ കടപ്പുറത്ത് ജനകീയ ടൂറിസം പദ്ധതി ഒരുങ്ങുന്നു snews

തൃക്കരിപ്പൂർ:(www.snewskasaragod.com)

വലിയപറമ്പ് പഞ്ചായത്തിലെ ജനകീയ ടൂറിസംപദ്ധതിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. വിനോദ സഞ്ചാരികൾക്കായി ടൂറിസം പോയിന്റുകൾ ഒരുക്കുകയും വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ വിളമ്പുകയും ഗ്രാമത്തിലെ പരമ്പരാഗത കൈത്തൊഴിലുകൾ സഞ്ചാരികൾക്കായി പഠിപ്പിക്കുകയും ചെയ്യുന്നതിന് തൃക്കരിപ്പൂർ കടപ്പുറം ഒരുങ്ങുകയാണ്. നാലാംവാർ‍ഡ് വികസനസമിതിയുടെ നേതൃത്വത്തിൽ 200ൽ പരം കുടുംബങ്ങൾ ഒത്തുചേർന്നാണ് ജനകീയ ടൂറിസം പദ്ധതിയായ ‘പാണ്ഡ്യാല പോർട്ട്’ അണിയിച്ചൊരുക്കുന്നത്. പദ്ധതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പാണ്ഡ്യാലക്കടവ് സുബ്രഹ്മണ്യകോവിലിന് സമീപം ഓഫീസ് ഞായറാഴ്ച തുറക്കും. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ വിവിധങ്ങളായ പദ്ധതികളാണ് ഒരുക്കുന്നത്. പാണ്ഡ്യാലക്കടവിലെത്തുന്ന സഞ്ചാരികളെ സ്വാഗതംചെയ്യുന്ന കമാനങ്ങൾ തെങ്ങ് ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്, ഫ്ളക്സ് എന്നിവ പ്രദേശത്തുനിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. തൊപ്പിവെച്ച വിദേശസഞ്ചാരിയുടെ രൂപവും പുതുതലമുറയിലെ മുടി വളർത്തിയ രൂപവും ശില്പി സുരേന്ദ്രൻ കൂക്കാനവും സംഘവുമാണ് ഒരുക്കുന്നത്. തെങ്ങിന്റെ വേരുകൾ, ഒഴിഞ്ഞ കുപ്പിയുടെ ഭാഗങ്ങൾ, തെങ്ങിൻ തടികൾ, പേട്ട് തേങ്ങകൾ, ചിരട്ടകൾ, കടൽ ഉച്ചൂളി, തെങ്ങിൻ മടൽ തുടങ്ങിയവയാണ് പ്രധാനമായും നിർമാണത്തിന് ഉപയോഗിച്ചത്

Post a Comment

Previous Post Next Post
close