എച്ച് 1 എന്‍ 1: മഞ്ചേശ്വരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മംഗളൂരുവില്‍ ചികിത്സയില്‍

മഞ്ചേശ്വരം:

എച്ച്1 എന്‍1 പനി ബാധിച്ച് മഞ്ചേശ്വരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം മച്ചംപാടി കോടിയിലെ ഒരു വീട്ടമ്മയും ഭര്‍ത്താവും വീട്ടമ്മയുടെ സഹോദരിയുമാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. എട്ട് ദിവസം മുമ്പാണ് ഇവര്‍ക്ക് പനി പിടിപെട്ടത്. ആദ്യം വീട്ടമ്മക്കാണ് പനി പിടിച്ചതെന്ന് പറയുന്നു. പിന്നീട് മറ്റു രണ്ടു പേര്‍ക്ക് പനി പടരുകയായിരുന്നു. മൂവരേയും ആദ്യം മംഗളൂരു വെന്‍ലോക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റി. പരിശോധനയിലാണ് മൂവര്‍ക്കും എച്ച്1 എന്‍1 പനിയാണെന്ന് സ്ഥിരീകരിച്ചത്.
ഇതേ തുടര്‍ന്ന് വീട്ടിലെ മറ്റുള്ളവരോട് പ്രതിരോധ മരുന്ന് കഴിക്കാന്‍ ആസ്പത്രി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ കുമ്പള ഭാഗത്ത് താമസിച്ചിരുന്ന കുടുംബം അടുത്തിടെയാണ് മച്ചംപാടി കോടിയിലേക്ക് മാറിയത്. 500 മീറ്റര്‍ അകലെ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മതിയായ സൗകര്യമില്ലെന്ന് പരാതിയുണ്ട്. പ്രദേശത്ത് പനി പടരുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പകര്‍ച്ചാവ്യാധികള്‍ പടരുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.എച്ച്.അബ്ദുല്‍ ഹമീദ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കി


Post a Comment

Previous Post Next Post