കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര ഇതാദ്യമല്ല; 19 കൊല്ലം മുമ്പ് വിലാപയാത്രക്കെത്തിയത് 210 ബസ്സുകള്‍; ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് തകര്‍ത്തത് മുന്നൂറോളം ബസ്സുകള്‍; അന്നും പ്രതിസ്ഥാനത്ത് ബിജെപി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ തകര്‍ന്ന ബസുകളുമായി തലസ്ഥാനനഗരത്തില്‍ കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം വിലാപയാത്ര നടത്തിയിരുന്നു. സംസ്ഥാനത്താകെ 100 കെഎസ്ആര്‍ടിസി ബസുകളാണ് അക്രമങ്ങളില്‍ തകര്‍ന്നതെന്നും 3.35 കോടിയുടെ നഷ്ടമുണ്ടായതായും വിലാപയാത്രയ്ക്കു നേതൃത്വം നല്‍കിയ എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞിരുന്നു.


എന്നാല്‍ കെഎസ്ആര്‍ടിസിയുടെ വിലാപയാത്രയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. തകര്‍ന്ന ബസുകളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയാണ് ബിജെപി സമീപിച്ചത്.

ഇതിനിടയിലാണ് ബിജെപിക്കാര്‍ മുമ്പും ഇത്തരത്തില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ വ്യാപകമായി തകര്‍ത്തിട്ടുണ്ടെന്നും അന്നും കെഎസ്ആര്‍ടിസി വിലാപയാത്ര നടത്തിയിട്ടുണ്ടെന്നുമുള്ള വിവരം പുറത്തുവരുന്നത്. 2000 ജൂലൈ 14ന് അക്രമത്തില്‍ തകര്‍ന്ന ഇരുന്നൂറോളം ബസുകളുമായാണ് കെഎസ്ആര്‍ടിസി വിലാപയാത്ര നടത്തിയത്.

2000 ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വ്യാപക അക്രമമുണ്ടായി. അന്ന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും കോട്ടയ്ക്കകത്തെ ഗാരേജിലും പ്രതിഷേധക്കാര്‍ കയറി തകര്‍ത്തത് മുന്നൂറോളം ബസ്സുകളായിരുന്നു.

കെഎസ്ആര്‍ടിസിയുടെ നഷ്ടം ഏതാണ്ട് മൂന്നു കോടിയോളമായിരുന്നു. ബസ്സുകള്‍ നിരത്തിലിറക്കാന്‍ കഴിയാത്തതു കാരണമുണ്ടായ നഷ്ടവും ഇതില്‍ പെടും. അന്നും ഇന്നും കെഎസ്ആര്‍ടിസിയ്ക്ക് ഒരഭ്യര്‍ഥന മാത്രമേ ഉള്ളൂ, പൊതുജനങ്ങളുടെ സ്വത്തായ കെഎസ്ആര്‍ടിസിയെ വെറുതെ വിടുക.

ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല, ദയവായി എന്നെ എറിഞ്ഞ് തകര്‍ക്കരുത്, ഒരു പാട് പേരുടെ അന്നമാണ് എന്നെഴുതിയ ബാനറും ആനവണ്ടിയെ കല്ലെറിയല്ലേ എന്നെഴുതിയ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളുമായി വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് ആനവണ്ടികളെ വെറുതെ വിടണമെന്ന അഭ്യര്‍ഥനയുമായി കഴിഞ്ഞദിവസം പ്രതിഷേധയാത്രയില്‍ അണിനിരന്നത്.

കടപ്പാട് : മാതൃഭൂമി

Post a Comment

Previous Post Next Post