ജില്ലയിൽ രണ്ടാം ദിവസവും 2.75 ലക്ഷം തൊഴിലാളികൾ പണിമുടക്കിൽ

  

കാസർകോട്:

 കേന്ദ്രനയങ്ങൾക്കെതിരേ തൊഴിലാളികളുടെ ദേശീയ പണിമുടക്കിൽ ജില്ലയിൽ ഭൂരിപക്ഷം തൊഴിലാളികളും പങ്കെടുത്തു. രണ്ടേമുക്കാൽ ലക്ഷം പേർ സമരത്തിൽ പങ്കുചേർന്നതായി ജില്ലാ സമരസമതി കൺവീനർ ടി.കെ.രാജൻ അറിയിച്ചു. റെയിൽവേ ഒഴികെയുള്ള കേന്ദ്രസ്ഥാപനങ്ങളിലെ ഭൂരിഭാഗം തൊഴിലാളികളും പണിമുടക്കിലാണ്. 31 ഡിപ്പാർട്ടുമെന്റൽ ഓഫീസുകളും 200 ബ്രാഞ്ച് ഓഫീസുകളുമുള്ള തപാൽവകുപ്പിൽ 25 ശതമാനത്തിൽ താഴെ ഓഫീസുകളേ പ്രവർത്തിച്ചുള്ളൂ എന്ന് ജില്ലാ കാസർകോട് ഹെഡ് പോസ്റ്റോഫീസിൽനിന്ന് അറിയിച്ചു. 650-ഓളം ജീവനക്കാരിൽ ബഹുഭൂരിപക്ഷവും സമരത്തിലാണ്. കാസർകോട്ടെ സോർട്ടിങ്‌ ഓഫീസ് പ്രവർത്തിച്ചില്ല. ബെഫി, എ.ഐ.ബി.ഇ.എ. തുടങ്ങിയ പ്രധാന യൂണിയനുകൾ പണിമുടക്കിയതിനാൽ ബാങ്കിങ്‌ മേഖല നിശ്ചലമായി. ചില ശാഖകളിൽ മാനേജരെത്തി തുറന്നെങ്കിലും ജീവനക്കാർ പണിമുടക്കിയതിനാൽ പ്രവർത്തിക്കാനായില്ല.


ജില്ലയിലെ 71 ടെലിഫോൺ എക്സ്‌ചേഞ്ചുകളും ചൊവ്വാഴ്ച നിശ്ചലമായി. ആകെയുള്ള 219 ജീവനക്കാരിൽ 178 പേർ സമരത്തിൽ പങ്കെടുത്തതായി സമരസമതി നേതാക്കൾ പറഞ്ഞു. മറ്റ് ജീവനക്കാർ അവധിയിലാണ്. ആദായനികുതി, കസ്റ്റംസ് ഓഫീസുകളിലും ഭൂരിഭാഗം ജിവനക്കാരും പണിമുടക്കിലാണ്. അതേസമയം, റെയിൽവേ ജീവനക്കാർ ഭൂരിഭാഗവും ജോലിക്കെത്തി. കാസർകോട്, ചെറുവത്തൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ പണിമുടക്ക് അനുകൂലികൾ തീവണ്ടി തടഞ്ഞതിനാൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, സീതാംഗോളിയിലെ എച്ച്.എ.എൽ. യൂണിറ്റ് പതിവുപോലെ പ്രവർത്തിച്ചു.

എണ്ണൂറിലേറെ ജീവനക്കാരുള്ള കാസർകോട്‌ സിവിൽ സ്റ്റേഷനിൽ മുപ്പതിൽതാഴെ ജീവനക്കാരേ ജോലിക്കെത്തിയുള്ളൂ. 169 പേരുള്ള കളക്ടറേറ്റിൽ 19 പേർ എത്തിയപ്പോൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ മൂന്നും മറ്റൊരു ഓഫീസിൽ നാലും പേർ പണിമുടക്കിയില്ല. മറ്റ് ജില്ലാ ഓഫീസുകൾ അടഞ്ഞുകിടന്നു. 13 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ, റവന്യൂ ഡിവിഷണൽ ഓഫീസ്, ആർ.ടി.ഒ. ഓഫീസ് തുടങ്ങിയവ തുറന്നില്ല. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസിൽ സൂപ്രണ്ടും രണ്ട് താത്‌കാലിക ജീവനക്കാരും ഹാജരായി. ജീവനക്കാർ എത്താത്തതിനാൽ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ ഓഫീസുകളുടെ പ്രവർത്തനം മുടങ്ങി. ഭരണ പ്രതിപക്ഷ അധ്യാപക യൂണിയനുകൾ പണിമുടക്കിയതിനാൽ സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. കാസർകോട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ 130 ജീവനക്കാരും പണിമുടക്കിയതിനാൽ ഒരു ബസും ഓടിയില്ല. കാഞ്ഞങ്ങാട് ഡിപ്പോയിലും പണിമുടക്ക് പൂർണമാണ്.

നിർമാണ മേഖലയിൽ അരലക്ഷം പേരും തോട്ടം മേഖലയിൽ 20,000 പേരും ബീഡി വ്യവസായത്തിൽ 30,000 പേരും മോട്ടോർ വാഹനമേഖലയിൽ അരലക്ഷത്തിലേറെപ്പേരും പണിമുടക്കിയതായി സമരസമതി നേതാക്കൾ അറിയിച്ചു. ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നെങ്കിലും കാസർകോട് പഴയ ബസ്‌സ്റ്റാൻഡ്‌, പൊയിനാച്ചി, ബി.ജെ.പി. കേന്ദ്രമായ കാഞ്ഞങ്ങാട് മാവുങ്കാൽ, കോട്ടപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിൽ കടകൾ തുറന്നു. മഞ്ചേശ്വരം, ഉപ്പള, ഹൊസങ്കടി എന്നിവിടങ്ങളിലും കടകൾ തുറന്നിരുന്നു. പല ഭാഗങ്ങളിലും ഓട്ടോറിക്ഷകളും സ്വകാര്യ-ഇരുചക്ര വാഹനങ്ങളും തടസ്സമില്ലാതെ ഓടി.

സംയുക്ത സമരസമതി കാസർകോട് പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് നടത്തിയ പൊതുയോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.കെ.രാജൻ, ദാമോദരൻ, ഷെരീഫ് കൊടവഞ്ചി, ടി.എ.ഷാഫി, സി.എം.എ.ജലീൽ, കെ.രാഘവൻ, ഭുവനചന്ദ്രൻ, കെ.കുമാരൻ, പി.ജാനകി, ബിജു ഉണ്ണിത്താൻ, വി.ആർ.ജയരാജൻ, കരിവെള്ളൂർ വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post