ഹർത്താൽ : കേരളത്തിന് നഷ്ടം 5,000 കോടി രൂപ


പുതുവർഷത്തിൽ ഒരാഴ്ച കൊണ്ടുതന്നെ കേരളത്തിന് ഏതാണ്ട് 5,000 കോടി രൂപയുടെ നഷ്ടം. തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകളും പണിമുടക്കും മൂലമാണ് ഇത്. ഉപഭോഗ സംസ്ഥാനമായ കേരളത്തിൽ ഹർത്താലുകളും പണിമുടക്കുകളും ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് വ്യാപാര മേഖലയിലാണ്. കൂടാതെ, കേരളത്തിലെ ശക്തമായ വ്യവസായങ്ങളായ ഐ.ടി., ടൂറിസം മേഖലയ്ക്കും ഓരോ ഹർത്താലും കനത്ത നഷ്ടം വരുത്തിവയ്ക്കുന്നുണ്ട്. ശമ്പള ഇനത്തിൽ മാത്രം സർക്കാരിനും സ്വകാര്യ മേഖലയ്ക്കും കൂടി 100-120 കോടി രൂപയുടെ നഷ്ടം ഒരു ദിവസമുണ്ടാകും. കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഒരു ദിവസം സ്തംഭിച്ചാൽ കമ്പനികൾക്ക് നഷ്ടമാകുക ഏതാണ്ട് 120-130 കോടി രൂപയാണ്. കേരളം ഒരു ദിവസം സ്തംഭിക്കുമ്പോൾ മൊത്തം നഷ്ടം 1,800-2,000 കോടി രൂപ. ഒരാഴ്ചതന്നെ രണ്ടും മൂന്നും ദിവസങ്ങളിൽ ഹർത്താലുകളും പണിമുടക്കുകളും അരങ്ങേറുമ്പോൾ കേരളത്തിലേക്കെത്തുന്ന ബിസിനസ് പോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. അതേസമയം, സമരത്തോട് 'നോ' പറയാൻ തയ്യാറായി വ്യാപാര സംഘടനകൾ രംഗത്തെത്താൻ തുടങ്ങിയിട്ടുണ്ട്. ദേശീയ പണിമുടക്കിന്റെ ആദ്യ ദിവസമായ ചൊവ്വാഴ്ച കൊച്ചിയിൽ ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗങ്ങളിലും കടകൾ തുറന്നു പ്രവർത്തിച്ചു. എന്നാൽ, പൊതുഗതാഗതം തടസ്സപ്പെട്ടതിനാൽ കച്ചവടം സാധാരണ ദിവസങ്ങളിലേതിനെക്കാൾ 40 ശതമാനത്തിനും താഴെയായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.Post a Comment

Previous Post Next Post