55 വയസ്സു കഴിയുമ്പോൾ നിങ്ങൾ സാധാരണക്കാരാകും; അപ്പോൾ നിങ്ങളെ സാധാരണക്കാരെപ്പോലെ കൈകാര്യം ചെയ്യും: പൊലീസുകാർക്കു മുന്നറിയിപ്പുമായി എം ടി രമേഷ്

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി ബിജെപി നേതാവ് എം ടി രമേശ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയുളള പൊലീസ് തേര്‍വാഴ്ചയില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു  എം ടി രമേശ്. 


അടിയന്തരാവസ്ഥക്കാലത്ത് തങ്ങളെ പീഡിപ്പിച്ചവര്‍ ജയിലറകള്‍ക്കുളളിലാണ് പോയതെന്നു ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 55 വയസ് കഴിഞ്ഞ് വിരമിക്കുമ്പോള്‍ നിങ്ങള്‍ സാധാരണക്കാരായാണ് പുറത്തുവരുന്നതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് പൊലീസുകാരെ ഉദ്ദേശിച്ച് രമേശ് പറഞ്ഞു. സാധാരണക്കാരാകുമ്പോള്‍ ജനം നിങ്ങളെ സാധാരണക്കാരെപോലെ കൈകാര്യം ചെയ്യും- എം ടി രമേശ് പറഞ്ഞു. 

അതിനാല്‍ മാറിയ സാഹചര്യത്തില്‍ ബിജെപിയില്‍ ചേരാന്‍ പൊലീസുകാർ  തിരക്കുകൂട്ടുകയാണെന്നും രമേശ് പറഞ്ഞു. സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസില്‍ നിന്നും അധികം ആനുകൂല്യം ഒന്നും തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ചുരുങ്ങിയത് തങ്ങള്‍ പറയുന്നത് കേള്‍ക്കാനെങ്കിലും പൊലീസ് തയ്യാറാകണമെന്ന് രമേശ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post