ഉത്തര്‍പ്രദേശില്‍ 80 സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ 80 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തനിച്ച് മത്സരിക്കും. കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും സഖ്യം രൂപവത്കരിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിനെ ഒറ്റക്ക് തന്നെ നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദാണ് ഇക്കാര്യം അറിയിച്ചത്. ബിജെപിക്കെതിരെ നിലകൊള്ളുന്ന മതേതര കക്ഷികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടുമെന്നും തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമായതായും അദ്ദേഹം വ്യക്തമാക്കി. യുഎഇ സന്ദര്‍ശിക്കുന്ന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാല്‍ ഉടന്‍ യുപി കേന്ദ്രീകരിച്ച് റാലികള്‍ സംഘടിപ്പിക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങളും കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്താന്‍ പദ്ധതിയിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്നലെയാണ് കോണ്‍ഗ്രസിനെ തഴഞ്ഞ് എസ്പി- ബിഎസ്പി സഖ്യം പ്രഖ്യാപിച്ചത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിയും ചേര്‍ന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. ആകെയുള്ള എന്‍പത് ലോക്‌സഭാ മണ്ഡലങ്ങളിലും ഇരു കക്ഷികളും 38 സീറ്റുകളില്‍ വീതം മത്സരിക്കും. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മത്സരിക്കുന്ന അമേഠിയിലും റായ്ബറേലിയിലും സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. രണ്ട് സീറ്റുകള്‍ ചെറുകക്ഷികള്‍ക്കായി ഒഴിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. രണ്ട് സീറ്റില്‍ എന്‍ഡിഎ ഘടകകക്ഷിയായ അപ്‌നാ ദളും വിജയിച്ചു. അഞ്ച് സീറ്റ് എസ്പിയും രണ്ട് സീറ്റ് കോണ്‍ഗ്രസും നേടിയപ്പോള്‍ ബിഎസ്പിക്ക്  ഒരു സീറ്റും ലഭിച്ചിരുന്നില്ല.Post a Comment

Previous Post Next Post