കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നില്ല; ട്രെയിനുകൾ തടയുന്നു; യാത്രക്കാര്‍ വഴിയിൽ കുടുങ്ങി

ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ പ്രതിഷേധക്കാർ തടയുകയാണ്. ജനശതാബ്ദി, രപ്തിസാഗർ എക്സ്പ്രസ് ട്രെയിനുകൾ തടഞ്ഞിട്ടിരിക്കുകയാണ്. അഞ്ചുമണിക്കു പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി ആറരയ്ക്കു മാത്രമാണു പുറപ്പെട്ടത്.


ചെന്നൈ മെയിൽ തൃപ്പൂണിത്തുറയിൽ തടഞ്ഞിരിക്കുകയാണ്. ശബരി എക്സ്പ്രസിന്റെ യാത്രയും വൈകി. രാവിലെ തിരുവനന്തപുരത്ത് മാത്രമാണ് ട്രെയിന്‍ തടഞ്ഞതെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ട്രെയിനുകള്‍ തടയുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. 

കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നില്ല. പമ്പയിലേക്കുള്ള കെഎസ്ആര്‍ടി സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. ജോലിക്കെത്തേണ്ടവരും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടേണ്ടവരും വഴിയിൽ കുടുങ്ങി. ബസ് സ്റ്റാൻഡുകളിൽ ഒട്ടേറെപ്പേരാണു കുടുങ്ങിയിരിക്കുന്നത്. ട്രെയിനിലും വിമാനത്തിലും നാട്ടിലെത്തിയവരിൽ പലരും സ്വദേശത്തേക്കു പോകാൻ വാഹനമില്ലാതെ വിഷമിക്കുകയാണ്. 

പെട്രോള്‍ പമ്പുകളും ഇന്ന് തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. അതേസമയം ആളുകൾക്കുനേരെ ആക്രമണമുണ്ടാവുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്താൽ ഉടൻ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ, പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചു ഡിജിപി ലോക്നാഥ് ബെഹ്റ മാർഗനിർദേശം പുറപ്പെടുവിച്ചു. പലപ്പോഴായുണ്ടായ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലാണിത്.

കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിക്കാനും വാഹനങ്ങൾക്കു നേരെ കല്ലെറിയാനും ശ്രമിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും. കെഎസ്ആർടിസി ഉൾപ്പെടെ പൊതു ഗതാഗത വാഹനങ്ങൾക്കു സുരക്ഷയൊരുക്കും. ശബരിമല തീർഥാടകർക്ക് ആവശ്യമായ സഹായങ്ങളും പൊലീസ് ലഭ്യമാക്കും.  


Post a Comment

Previous Post Next Post