കാമുകി വിഷം കഴിച്ചു, പിന്നാലെ കാമുകനും; ഒടുവില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ വിവാഹം

തെലുങ്കാനയില്‍ പ്രണയിനികളായ യുവാവും യുവതിയും ആശുപത്രികിടക്കയില്‍ വിവാഹിതരായി. തെലുങ്കാനയിലെ വികാരാബാദിലായിരുന്നു സംഭവം. അതാലി സ്വദേശിനി രേഷ്മയും (19) കുകിന്ദ ഗ്രാമത്തില്‍നിന്നുള്ള നവാസുമാണ് (21) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കയില്‍ വിവാഹിതരായത്.


രേഷ്മ തന്റെ അകന്ന ബന്ധു കൂടിയായ നവാസുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ വിവാഹത്തിനു ബന്ധുക്കള്‍ സമ്മതിച്ചിരുന്നില്ല. നവാസിനെ മറ്റൊരു യുവതിയുമായി വിവാഹം കഴിപ്പിക്കാന്‍ ബന്ധുക്കള്‍ തയറെടുക്കുന്ന വിവരം അറിഞ്ഞ് രേഷ്മ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.

ഉടന്‍ തന്നെ രേഷ്മയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെയെത്തിയ നവാസും വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇരുവരെയും സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും ക്രൊഫോര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടുത്തെ ഡോക്ടറാണ് കമിതാക്കളുടെ പ്രണയസാക്ഷാത്കാരത്തിനു നിമിത്തമായത്. ഡോക്ടര്‍ ബന്ധുക്കളുമായി സംസാരിക്കുകയും വിവാഹം നടത്താന്‍ ഇരുകുടുംബങ്ങളും സമ്മതിക്കുകയുമായിരുന്നു. വിവാഹ വസ്ത്രങ്ങളണിഞ്ഞ നവാസും രേഷ്മയും വീല്‍ചെയറില്‍ ഇരുന്നാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയിരുന്നത്.

എന്നാല്‍ ഇവരുടെ പ്രണയത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകുമായിരുന്നില്ലെന്നും രേഷ്മയുടെ ബന്ധുവായ ഷഹനാസ് ബീ പറഞ്ഞു. ഇക്കാര്യത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിക്രമബാദ് പോലീസ് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സ തുടരുന്ന രേഷ്മയും നവാസും അവരുടെ ജീവിതത്തിനായുള്ള പോരാട്ടത്തിലാണ്.

Post a Comment

Previous Post Next Post