സംസ്ഥാനത്തെ ഏറ്റവും മികച്ച ആസ്പത്രിയിൽ ഒന്നാം സ്ഥാനത്ത്കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി

കാഞ്ഞങ്ങാട്: 

മികച്ച ചികിത്സാ സൗകര്യവും സേവനസന്നദ്ധരായ ഡോക്ടർമാരും ജീവനക്കാരും ഒത്തൊരുമിച്ചപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയെ തേടിയെത്തിയത് സംസ്ഥാനത്തെ ഏറ്റവും മികച്ച ആസ്പത്രിക്ക് നൽകുന്ന അരക്കോടി രൂപയുടെ കായകല്പം പുരസ്കാരം. സംസ്ഥാനത്തെ പതിനാലു ജില്ലകളിലെ അൻപതോളം വരുന്ന ജില്ലാ-ജനറൽ ആസ്പത്രികളുടെ വിഭാഗത്തിൽ മത്സരിച്ചാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി ഒന്നാംസ്ഥാനം നേടിയത്. വൻകിട ആസ്പത്രികൾക്ക് ഗ്രാമീണ ആരോഗ്യമിഷൻ സംസ്ഥാനതലത്തിൽ നൽകുന്ന ഈ പുരസ്കാരം ലഭിക്കുന്ന മലബാർ മേഖലയിലെ ആദ്യത്തെ ആസ്പത്രിയെന്ന അംഗീകാരവും ഇതോടെ ജില്ലയ്ക്ക് സ്വന്തമായി.


സ്റ്റേറ്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസറുടെ മേൽനോട്ടത്തിലുള്ള പരിശോധനാസംഘം ആസ്പത്രികളിൽ പരിശോധന നടത്തിയാണ് പുരസ്കാരം നിർണയിച്ചത്. ആസ്പത്രിയുടെ വൃത്തി, പരിസരശുചിത്വം, ഭൗതികസാഹചര്യങ്ങൾ, രോഗി ബോധവത്കരണം, അണുബാധ നിയന്ത്രണം, മാലിന്യസംസ്കരണം തുടങ്ങിയ ഘടകങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുക. 2006-ലാണ് പുതിയകോട്ടയിൽനിന്ന്‌ ചെമ്മട്ടംവയലിലെ പുതിയ കെട്ടിടത്തിലേക്ക് ജില്ലാ ആസ്പത്രി മാറുന്നത്. തുടർന്നങ്ങോട്ട് ആസ്പത്രി കൈവരിച്ച നേട്ടമാണ് പുരസ്കാരത്തിന്റെ മേന്മയായി വിലയിരുത്തുന്നത്. ആസ്പത്രിയിലെ മികച്ച ചികിത്സാ സൗകര്യവും സേവനസന്നദ്ധതയും ശുചിത്വവുമാണ് സ്വകാര്യ മേഖലയിലെ ആസ്പത്രികളെ അവഗണിച്ചുകൊണ്ടുള്ള ജില്ലാ ആസ്പത്രിയിലെ രോഗികളുടെ തിരക്ക് വിലയിരുത്തപ്പെട്ടത്. ജില്ലയിലെ ആസ്പത്രികളുടെ ചരിത്രത്തിലാദ്യമായി മൂന്നേകാൽ ലക്ഷത്തിലധികം രോഗികളാണ് കഴിഞ്ഞവർഷം ആസ്പത്രിയിൽ ചികിത്സതേടിയത്. പതിനാറായിരത്തിലധികം പേർക്ക് കിടത്തിച്ചികിത്സ നൽകി. വർഷത്തിൽ 2500-ലേറെ ശസ്ത്രക്രിയകളും നടന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ഇ.എൻ.ടി.-അസ്ഥിരോഗ-നേത്രരോഗ ശസ്ത്രക്രിയകൾ നടക്കുന്നതും ജില്ലാ ആസ്പത്രിയിലാണ്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ സിസേറിയൻ നിരക്കുള്ള ആസ്പത്രികളിലൊന്നുകൂടിയെന്ന മേന്മയും ആസ്പത്രിക്ക് അവകാശപ്പെടാനായി. ഈ വർഷം െഡങ്കിപ്പനി നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേകം അഭിനന്ദനവും ആസ്പത്രിക്ക് ലഭിച്ചിരുന്നു.

ആധുനികരീതിയിലുള്ള വിശാലമായ കാഷ്വാലിറ്റി കം ട്രോമാകെയർ യൂണിറ്റ്, 24 മണിക്കൂർ ബ്ലഡ് സെപ്പറേഷൻ യൂണിറ്റോടുകൂടിയ ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, നാഷണൽ അക്രഡിറ്റേഷനുള്ള 24 മണിക്കൂർ ലാബ്, മോഡേൺ ഫാർമസി, അത്യാധുനിക പ്രസവമുറി, രണ്ടുനിലകളിലായുള്ള ഓപ്പറേഷൻ തിയറ്റർ, സി.ടി. സ്കാൻ, മാമോഗ്രാം, കീമോതെറാപ്പി-കാൻസർ വാർഡ് തുടങ്ങിയ ആസ്പത്രിയിലെ സൗകര്യങ്ങൾ ഒട്ടേറെയാണ്. ജില്ലാ ആസ്പത്രിയെ പുരസ്കാരനിറവിലെത്തിച്ച ആസ്പത്രിയിലെ സൂപ്രണ്ടും ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള മുഴുവൻ ജീവനക്കാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post