നാളത്തെ പണിമുടക്ക് ഹര്‍ത്താലാകരുതെന്ന് ഡിജിപി: ബലപ്രയോഗം ഉണ്ടാകില്ല, സ്വകാര്യവാഹനങ്ങള്‍ തടയില്ല, കടകള്‍ അടപ്പിക്കില്ലെന്നും എളമരം കരീമിന്റെ ഉറപ്പ്

നാളെയും മറ്റന്നാളും തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ഹര്‍ത്താലായി മാറരുതെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. സ്‌കൂളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കണം. അക്രമമുണ്ടായാല്‍ ശക്തമായ നടപടിയെടുക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി.


ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദേശം. ഹര്‍ത്താല്‍ സമൂഹത്തില്‍ ഗുരുതര ക്രമസമാധാന പ്രശ്‌നമാണ് ഉണ്ടാക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നാളെ നടക്കുന്ന പണിമുടക്കിനെ കുറിച്ചും കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

അതിനിടെ ഹര്‍ത്താല്‍ പണിമുടക്ക് സമയങ്ങളില്‍ സ്വകാര്യ മുതല്‍ നശിപ്പിക്കുന്നതും പൊതു മുതല്‍ നശിപ്പിക്കുന്നതിന് സമാനമായ കുറ്റമായി പരിഗണിക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി.

അതേസമയം, പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ ഒരു കാരണവശാലും തടയില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. ബലപ്രയോഗം അടക്കമുള്ള ഒന്നും പണിമുടക്കിന്റെ ഭാഗമായി ഉണ്ടാകില്ല. ദേശീയ പണിമുടക്ക് ഹര്‍ത്താല്‍ അല്ലെന്നും കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിഷേധമാണെന്നും കരീം വ്യക്തമാക്കി.

ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ല, കടകള്‍ക്ക് കല്ലെറിയില്ല, കടയടക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല, സ്വകാര്യ വാഹനങ്ങള്‍ തടയില്ല, ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും സിഐടിയു സെക്രട്ടറി പറഞ്ഞു. പാല്‍വിതരണം, ആശുപത്രികള്‍, ടൂറിസം തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ട്രെയിനുകള്‍ പിക്കറ്റ് ചെയ്യുമെന്ന് എളമരം കരീം അറിയിച്ചു.

കേന്ദ്രസര്‍ക്കാരിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാത്രി 12 മണിക്കാണ് തുടങ്ങുന്നത്. കഴിഞ്ഞ ദിവസത്തെ ഹര്‍ത്താല്‍ അക്രമങ്ങള്‍ കണക്കിലെടുത്ത് വാഹനങ്ങള്‍ തടയില്ലെന്നും കടയടപ്പിക്കില്ലെന്നും നേതാക്കള്‍ പറയുമ്പോഴും, പന്ത്രണ്ടിലധികം തൊഴിലാളി സംഘടനകള്‍ പങ്കെടുക്കുന്ന പണിമുടക്ക് ഹര്‍ത്താലായി മാറാനാണ് സാദ്ധ്യത.

ട്രെയിന്‍ ഗതാഗതവും തടസപ്പെടുമെന്നാണ് സൂചന. പണിമുടക്ക് ആരംഭിക്കുന്ന ഇന്ന് രാത്രി 12 മണിക്ക് എല്ലാ സമര കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തും. പുലര്‍ച്ചെ 5 മണിയോടെ എറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ട്രെയിന്‍ തടയും.

രാവിലെ പത്തരയോടെയാണ് ഔദ്യോഗിക ഉദ്ഘാടനം. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിനു സമീപത്തെ പ്രധാന സമരപന്തലില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ 48 മണിക്കൂര്‍ ധര്‍ണയിരിക്കും. മറ്റു ജില്ലകളിലെ തൊഴിലാളികള്‍ അതത് മണ്ഡലം കേന്ദ്രങ്ങളിലെ സമരങ്ങളില്‍ പങ്കെടുക്കും. അതേസമയം, പൊതുപണിമുടക്ക് നടക്കുന്ന നാളെയും മറ്റന്നാളും വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Post a Comment

Previous Post Next Post