കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചുവെന്ന് കരുതുന്ന മൂന്നു വാഹനങ്ങൾ ക്രൈംബ്രാഞ്ച് കണ്ടെത്തി. പെരിയ തന്നിത്തോട്ട് താഴെ റബർ തോട്ടത്തിൽ ഒളിപ്പിച്ചുവെച്ച നിലയിൽ കെ.എൽ 36 ഡി 2124 നമ്പർ ഇന്നോവയും കെ.എൽ 60 ഇ 1881 മാരുതി സ്വിഫ്റ്റും സമീപത്തുതന്നെയുള്ള, റിമാൻഡിൽ കഴിയുന്ന ശ്രീരാഗിന്റെ തറവാട് വീട്ടിൽനിന്ന് കെ.എൽ 14 9577 നമ്പർ ജീപ്പുമാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
കൊലപാതകം നടന്ന താനിത്തോട്-കൂരാങ്കര റോഡിലെ കണ്ണാടിപ്പാറയിൽ നിന്ന് അരക്കിലോമീറ്റർ ചുറ്റളവിൽനിന്നാണ് വാഹനങ്ങൾ കണ്ടെടുത്തത്. കാറിൽ രക്തക്കറയുണ്ടായിരുന്നു. ഇതിനകത്തുനിന്ന് ഒരു സെൽഫോണും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഇന്നോവ, കൊലയിൽ പങ്കുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം മൊഴിനൽകിയ കല്യോട്ടെ ശാസ്താ ഗംഗാധരന്റെ സഹോദരൻ അരുൺകുമാറിന്റെ പേരിലുള്ളതും സ്വിഫ്റ്റും ജീപ്പും ശാസ്താ ഗംഗാധരന്റെെ പേരിലുള്ളതുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗംഗാധരന്റെ വീടിന്റെ പടിഞ്ഞാറുഭാഗത്താണ് കാറുകൾ കണ്ടെത്തിയ റബ്ബർത്തോട്ടം. കൊലനടന്ന 17-ന് രാത്രി ഒമ്പതുമണിയോടെ ശാസ്താ ഗംഗാധരനാണ് ഈ ജീപ്പ് ഇവിടെ കൊണ്ടിട്ടതെന്ന് വീട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴിനൽകി.കാറുകൾ കണ്ടെത്തിയ സ്ഥലത്ത് സ്വർണനിറത്തിലുള്ള ഒരു സ്റ്റീൽവള പൊട്ടിച്ചിട്ട നിലയിൽ കണ്ടെത്തി. കണ്ടെത്തിയ വാഹനങ്ങൾ ഫൊറൻസിക് വിദഗ്ധരെത്തി പരിശോധിച്ചു.
സിപിഎമ്മിന്റെ പോക്കറ്റ് എന്നറിയപ്പെടുന്ന തന്നിത്തോട്, കണ്ണാടിപ്പാറ സ്ഥലത്തുവെച്ച് കൊലക്കുപയോഗിച്ച വാളും ഇരുമ്പുദണ്ഡും നേരത്തേ കണ്ടെടുത്തിരുന്നു.കൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ശാസ്താ ഗംഗാധരൻ, വ്യാപാരി വത്സരാജ്, കൊല നടത്താൻ ഉപയോഗിച്ചുവെന്നനിലയിൽ വ്യാജ ആയുധങ്ങൾ കിണറ്റിൽ നിക്ഷേപിച്ച സിപിഎം പ്രവർത്തകൻ, പ്രതികളെ കടത്തിയെന്ന് ആരോപിക്കപ്പെടുന്ന മുരളി എന്നിവരെ ചോദ്യംചെയ്യാൻ നടത്തിയ ശ്രമം വിജയിച്ചില്ല. നാലുപേരും ഒളിവിലാണെന്ന വിവരമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
Post a Comment