കാസര്‍കോട്:
പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ വേഗത്തില്‍ പ്രതികളെ പിടികൂടിയ ഉന്നത പോലീസ് ഓഫീസറെ സ്ഥലം മാറ്റി. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി രഞ്ജിത്തിനെയാണ് കോഴിക്കോട് ഡിസിആര്‍ബിയിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞദിവസം രാത്രിയാണ് ഡിവൈഎസ്പിയെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
കേസന്വേഷണത്തിന് നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കുകയും പോലീസ് അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതികളിലേക്ക് അന്വേഷണം എത്തിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്ത ഓഫീസറാണ് രഞ്ജിത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളിലേക്കെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു.
തുടര്‍ന്ന് സിപിഎം നേതാവ് എ പീതാംബരനെയും മറ്റ് ഏഴ് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചതായും അറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്ത അന്നുതന്നെ രഞ്ജിത്ത് ഇനിമുതല്‍ പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് നിന്നും സന്ദേശം കാസര്‍കോട് എത്തിയിരുന്നതായാണ് സൂചന.
എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് രഞ്ജിത്തിനെ സ്ഥലം മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ കൊലപാതകം നടക്കുന്നതിന്റെ തലേദിവസം തന്നെ സംസ്ഥാനത്തെ 167 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങിയിരുന്നു.
Source from kvartha
Post a Comment