അഭിനന്ദൻ വർധമാനെ വാഗാ അതിർത്തിവഴി ഇന്ന‌് കൈമാറും ; സമാധാന നീക്കമെന്ന‌് പാകിസ്ഥാൻ

ന്യൂഡൽഹി :

അഭിനന്ദൻ വർധമാൻ ഇന്ന‌് മടങ്ങിയെത്തും. ഇന്ത്യയുടെ വ്യോമസേനാ വിങ‌്കമാൻഡർ അഭിനന്ദൻ വർധമാനെ വെള്ളിയാഴ‌്ച വിട്ടയക്കുമെന്ന‌് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ അനുര‌ഞ‌്ജനത്തിന‌് വഴി തുറന്നു. ശക്തമായ രാജ്യാന്തര സമ്മർദമാണ‌് തീരുമാനത്തിലേക്ക‌് നയിച്ചത‌്. സംഘർഷം മൂർച്ഛിപ്പിക്കുന്ന നടപടികളിലേക്ക‌് നീങ്ങരുതെന്ന‌് അമേരിക്ക, റഷ്യ, ജർമനി, സൗദിഅറേബ്യ, ജപ്പാൻ, ക്യാനഡ, ഓസ‌്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പാകിസ്ഥാനോട‌് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസംഘടനയും വിഷയത്തിൽ ഇടപെട്ടു.

ഒഴിഞ്ഞുമാറി സേനാതലവന്മാർ
ഇമ്രാൻ ഖാന്റെ പ്രഖ്യാപനത്തെ തുടർന്ന‌് ഡൽഹിയിലും നാടകീയനീക്കങ്ങളുണ്ടായി. അഭിനന്ദനെ തിരിച്ചയക്കുന്നതിൽ  സന്തോഷമുണ്ടെന്ന‌് വ്യോമസേനയ‌്ക്കുവേണ്ടി വൈസ‌് മാർഷൽ ആർ ജി കെ കപൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്ന‌് സേനയുടെയും തലവന്മാർ വൈകിട്ട‌് അഞ്ചിന‌് സംയുക്ത വാർത്താസമ്മേളനം നടത്തുമെന്ന‌് അറിയിച്ചിരുന്നു. പിന്നീട‌് വാർത്താസമ്മേളനം ഏഴിലേക്ക‌് മാറ്റി.  പാകിസ്ഥാൻ  തെറ്റായ പ്രസ‌്താവനകൾ നടത്തിയെന്ന‌് ആർ ജി കെ കപൂർ പറഞ്ഞു. ബാലാകോട്ട‌് ആക്രമണം ലക്ഷ്യം കണ്ടു. ബാലാകോട്ടിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വെളിപ്പെടുത്താൻ സമയമായിട്ടില്ല. ഇതുസംബന്ധിച്ച‌് കൂടുതൽ ചോദ്യങ്ങളോട‌് പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. പാകിസ്ഥാൻ ‌എഫ‌്–-16 വിമാനം ഉപയോഗിച്ചതിന്റെ തെളിവുകളും സൈനികവക്താക്കൾ പ്രദർശിപ്പിച്ചു. എന്നാൽ, പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ രാജ്യരക്ഷാമന്ത്രിയോ അഭിനന്ദന്റെ മോചനതീരുമാനം വന്നശേഷം പ്രതികരിച്ചിട്ടില്ല.

സമാധാന നീക്കമെന്ന‌് പാകിസ്ഥാൻ
വെള്ളിയാഴ‌്ച വാഗാ അതിർത്തിവഴി അഭിനന്ദനെ കൈമാറുമെന്ന‌് ഇമ്രാൻഖാൻ അറിയിച്ചു. റാവൽപ്പിണ്ടിയിലെ  സൈനിക ആസ്ഥാനത്തുനിന്ന‌് പ്രത്യേകവിമാനത്തിൽ അഭിനന്ദനെ ലാഹോറിൽ എത്തിക്കും.  സമാധാനത്തിനുള്ള നീക്കം എന്ന നിലയിലാണ‌് അഭിനന്ദനെ മോചിപ്പിക്കുന്നതെന്ന‌് ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യൻജനത അവിടത്തെ  സർക്കാരിന്റെ യുദ്ധക്കൊതിയെ അനുകൂലിക്കുന്നില്ല. പാകിസ്ഥാൻ മാധ്യമങ്ങൾ 17 വർഷമായി ചെയ‌്തുവരുന്നത‌് എന്താണെന്ന‌് ഇന്ത്യൻമാധ്യമങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ അവർ യുദ്ധവെറി പ്രചരിപ്പിക്കില്ല. നരേന്ദ്ര മോഡിയെ വിളിക്കാൻ കഴിഞ്ഞദിവസം താൻ ശ്രമിച്ചു.  സംഘർഷം ഇരുരാജ്യത്തിനും ഗുണകരമല്ല–- ഇമ്രാൻ പറഞ്ഞു. പ്രസ‌്താവനയെ പാകിസ്ഥാൻ പാർലമെന്റ‌് സ്വാഗതം ചെയ‌്തു. നരേന്ദ്രമോഡിയുമായി ചർച്ചയ‌്ക്ക‌് പ്രധാനമന്ത്രി സന്നദ്ധനാണെന്ന‌് പാകിസ്ഥാൻ വിദേശമന്ത്രി ഷാ മെഹ‌്ബൂബ‌്  ഖുറേഷി പറഞ്ഞു.

അന്താരാഷ‌്ട്ര ഇടപെടൽ സജീവം
ഇന്ത്യ–-പാക‌് സംഘർഷം പരിഹരിക്കാൻ ഇടപെടൽ നടത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ‌് ട്രംപ‌് പ്രതികരിച്ചു. യുക്തിസഹവും അന്തസ്സുള്ളതുമായ വാർത്ത ഇരുവശത്തുനിന്നും  പ്രതീക്ഷിക്കുന്നതായി ഉത്തരകൊറിയൻ  ഭരണാധികാരി  കിംജോങ‌് അന്നുമായി കൂടിക്കാഴ‌്ചയ‌്ക്കുശേഷം ട്രംപ‌് പറഞ്ഞു. കഴിഞ്ഞദിവസം യുഎസ‌് ദേശീയസുരക്ഷാ ഉപദേഷ്ടാവ‌് ജോൺ ബോൾട്ടൺ ദേശീയസുരക്ഷാ ഉപദേഷ്ടാവ‌് അജിത‌് ഡോവലുമായി ടെലിഫോൺ സംഭാഷണം നടത്തി.

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന‌് ഓസ‌്ട്രേലിയൻ വിദേശമന്ത്രി മാരിസ‌് പെയ‌്നെ, കനേഡിയൻ വിദേശമന്ത്രി ക്രിസ്റ്റീന ഫ്രീലാൻഡ‌് എന്നിവർ ആവശ്യപ്പെട്ടു.  മേഖലയിൽ സമാധാനവും സുരക്ഷയും പാലിക്കാൻ ഇരുരാജ്യത്തിനും ബാധ്യതയുണ്ടെന്ന‌് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ‌് സ‌്റ്റെഫാനെ ദുജറിക‌് പറഞ്ഞു. ജയ‌്ഷെ മുഹമ്മദ‌് തലവൻ മസൂദ‌് അസറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കാൻ പുതിയ പ്രമേയം ബ്രിട്ടനും ഫ്രാൻസും ചേർന്ന‌് രക്ഷാസമിതിയിൽ അവതരിപ്പിച്ചു. സൗദി അറേബ്യയും പാകിസ്ഥാനുമേൽ സമ്മർദം ചെലുത്തി. സൗദി ധനമന്ത്രി നേരിട്ട‌് ഇസ്ലാമാബാദിലെത്തി. രാജ്യാന്തരബന്ധങ്ങളെ തകർക്കുന്ന നടപടികളിൽനിന്ന‌് വിട്ടുനിൽക്കണമെന്ന‌് ചൈനയും പാകിസ്ഥാനോട‌് ആവശ്യപ്പെട്ടു.


 

പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും
ന്യൂഡൽഹി
പാകിസ്ഥാനിൽനിന്ന‌് പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന‌് സേനാവക്താക്കൾ. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു. ഇതിനായി എഫ‌്–-16 വിമാനങ്ങൾ ഉപയോഗിച്ചു.  ബാലാകോട്ട‌് ഭീകരാക്രമണത്തെക്കുറിച്ച‌് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തേണ്ടത‌് രാഷ്ട്രീയനേതൃത്വമാണെന്നും വ്യോമസേന വൈസ‌് മാർഷൽ ആർ ജി കെ കപൂർ, കരസേന മേജർ ജനറൽ ബെഹാൽ, നാവികസേന അഡ‌്മിറൽ ഗുജ‌്റാൾ എന്നിവർ പറഞ്ഞു.

വെടിനിർത്തൽ ലംഘിച്ചു; ഒരു മരണം 
നിയന്ത്രണരേഖയിൽ വ്യാഴാഴ‌്ചയും പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. ശക്തമായ ഷെൽ ആക്രമണമുണ്ടായി. പുഞ്ച‌്, രജൂറി ജില്ലകളിൽ നിയന്ത്രണരേഖയ‌്ക്കുസമീപം ആറ‌് സെക്ടറിലുണ്ടായ ഷെല്ലാക്രമണത്തിൽ ഒരു സ‌്ത്രീ കൊല്ലപ്പെട്ടു. അഞ്ച‌് സൈനികർക്ക‌് പരിക്കേറ്റു. ഇന്ത്യൻ സേന തിരിച്ചടി തുടരുകയാണ‌്.  ശത്രുരാജ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഭീകരാക്രമണങ്ങൾ നടത്തുകയാണെന്ന‌് ബിജെപി പ്രവർത്തകരുമായുള്ള വീഡിയോ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു വൈകിട്ട‌് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേർന്നു.
 


Post a Comment

Previous Post Next Post