കാസര്‍കോട്:
കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ കല്ല്യോട്ട് സ്വദേശിയും സജീവ സിപിഎം പ്രവര്‍ത്തകനുമായ ശാസ്ത ഗംഗാധരന്റെ പങ്ക് അന്വേഷിച്ച് ക്രൈംബ്രാഞ്ച് സംഘം. കേസില്‍ അറസ്റ്റിലായ ഏഴാം പ്രതി ഗിജിന്റെ അച്ഛനും പ്രദേശത്തെ ക്വാറി ഉടമയുമാണ് ഗംഗാധരന്. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത 4 വാഹനങ്ങള്‍ ഇയാളുടെതാണെന്ന് വ്യക്തമായതോടെയാണ് ശാസ്ത ഗംഗാധരനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.
പെരിയ കല്ല്യോട്ട് ശാസ്താ ഗംഗാധരന്റെ വീടിന് മുന്നില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ്
പ്രവര്‍ത്തകരായ ശരത്തിനെയും കൃപേഷിനെയും അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മേഖലയില്‍ സിപിഎം സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ആവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും നല്കി പിന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ധനാഢ്യനായ ക്വാറിയുടമ. ചെറുതും വലുതുമായി ഏകദേശം 20 ലധികം വാഹനങ്ങള്‍ ഇയാള്‍ക്ക്
സ്വന്തമായുണ്ട്.
കൊല നടക്കുന്നതിന് മുമ്പായി ഇയാളുടെ വീട്ടില്‍ നിന്നും മുഴുവന്‍ വാഹനങ്ങളും മാറ്റിയത് ശാസ്താ ഗംഗാധരന് സംഭവത്തെ കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നുവെന്നതിന് തെളിവാണെന്ന് ക്രൈംബ്രാഞ്ച്
സംഘം കരുതുന്നു. ഇരട്ടക്കൊല നടന്ന ശേഷം ഇയാള്‍ ഒളിവിലാണ്. പ്രതികള്‍ ഉപയോഗിച്ചതായി സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് ജീപ്പുകള്‍ ഗംഗാധരന്റെതാണ്.
ഒരു സ്വിഫ്റ്റ് കാര്‍ മകനും കേസിലെ ഏഴാം പ്രതിയുമായ ഗിജിന്റെതും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഒരു ഇന്നോവ കാര്‍ ഗംഗാധരന്റെ മരുമകന് അരുണിന്റെതുമാണ്.
ശാസ്താ ഗംഗാധരന് വേണ്ടിയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post a Comment