വാര്‍ത്താസമ്മേളനം വിളിച്ച് പൊതുസമൂഹത്തിന്റെ ചോദ്യങ്ങളെ പരസ്യമായി നേരിടാന്‍ തയ്യാറുണ്ടോ: മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധിപൊതുസമൂഹത്തിന്റെ ചോദ്യങ്ങളെ പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് നേരിടാന്‍ തയ്യാറുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈയിലെ ബന്ദ്രയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘ഞാന്‍ വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നത് കണ്ടിട്ടുണ്ടോ? അദ്ദേഹം കള്ളന്‍ മാത്രമല്ല ഭീരുവുമാണ്’ രാഹുല്‍ പറഞ്ഞു. 2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി ഇതുവരെ ഒരു വാര്‍ത്താസമ്മേളനം പോലും വിളിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.

‘നിങ്ങള്‍ക്ക് സത്യമറിയണമെങ്കില്‍ കോണ്‍ഗ്രസിന്റെ റാലികളിലേക്ക് വരണം. നുണയാണ് കേള്‍ക്കേണ്ടതെങ്കില്‍ നരേന്ദ്രമോദിയുടെ റാലികള്‍ക്ക് പോയാല്‍മതി. വായ്പാ തട്ടിപ്പു നടത്തി നാടുവിട്ട മെഹുല്‍ ചോക്‌സിയെ സഹോദരനെന്നും(മെഹുല്‍ ഭായ്) ജനങ്ങളെ സുഹൃത്തുക്കളെന്നുമാണ്(മിത്രോം) മോദി അഭിസംബോധന ചെയ്യുന്നത്’ എന്നും രാഹുല്‍ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ മുംബൈ ചേരി നിവാസികള്‍ക്ക് 500 ചതുരശ്ര അടിയുള്ള വീട് നിര്‍മ്മിച്ചു നല്‍കുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തു. അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താന്റെ പിടിയില്‍ നിന്നും തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും രാഹുല്‍ മോദിക്കെതിരെ രംഗത്തുവന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഒറ്റക്കെട്ടാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ മോദി ഉടന്‍ തന്നെ കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ് ചെയ്തത്. പവിത്രമായ പരിപാടികള്‍ പോലും മോദി കോണ്‍ഗ്രസ് വിമര്‍ശനത്തിനായി ഉപയോഗിക്കുകയാണ്.

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് താന്‍ നടത്തിയ പ്രതികരണം വ്യത്യസ്തമായിരുന്നു. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരോടും താന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്തെല്ലാം ബി.ജെ.പി ചെയ്തത് വെറുപ്പും അക്രമവും പ്രചരിപ്പിക്കുക എന്നതായിരുന്നെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post