പെരിയ – കൊന്നതാര് ? കൊല്ലിച്ചതാര് ? അഴിച്ചുപണിത അന്വേഷണ സംഘത്തില്‍ പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥര്‍ ? അന്വേഷണ റിപ്പോര്‍ട്ട് അറിയാന്‍ ഇനി സിബിഐ തന്നെ വേണംl

കാസർകോട്
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ വരാതെ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായി. കേസ് അന്വേഷണത്തിന് പുതിയതായി രൂപം നൽകിയ 22 അംഗ സംഘത്തില്‍ കൂടുതലും സിപിഎം അനുഭാവികളെന്നു പേര് കേട്ട ഉദ്യോഗസ്ഥരാണ് . പാർട്ടിയുടെ യുവജന, വിദ്യാർഥി സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരാണ് സംഘത്തിലെ ചില പ്രധാനികള്‍ .


ആക്ഷേപം ഉണ്ടാകാതിരിക്കാന്‍ യുഡിഎഫ് അനുഭാവമുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട് . ‘സന്തുലിതത്വം’ പാലിക്കാനായി ഉള്‍പ്പെടുത്തിയ ഇവര്‍ക്ക് അന്വേഷണസംഘത്തിൽ എന്ത് മാത്രം റോള്‍ ഉണ്ടാകുമെന്ന് കണ്ടറിയണം .

അന്വേഷണം നേരായ വഴിയെ തിരിയുന്നു എന്ന ഘട്ടം വന്നപ്പോള്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി.എം.മുഹമ്മദ് റഫീഖ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മാറ്റി പുതിയ അംഗങ്ങളെ ചേർത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണത്തിന് ഇതോടെ ശക്തിയേറി.

ഡിഐജി എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തെയാണ് ഇരട്ടക്കൊലക്കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത്. ഡിവൈഎസ്പിമാരായ പി.എം.പ്രദീപ്, ഷാജു ജോസ്, സി.ഐ.അബ്ദുറഹീം തുടങ്ങിയ ഉദ്യോഗസ്ഥരും ഏതാനും സിവിൽ പൊലീസ് ഓഫിസർമാരുമായിരുന്നു ആദ്യ സംഘത്തിൽ. സംഘാംഗങ്ങളുടെ കൃത്യമായ പട്ടിക നൽകാൻ ആദ്യം മുതൽ പൊലീസ് വിസമ്മതിച്ചിരുന്നു.

സംഘത്തിൽ ഇനിയും കൂട്ടിച്ചേർക്കലുകൾ ഉണ്ടാകുമെന്നായിരുന്നു വിശദീകരണം. അന്വേഷണം ശരിയായ ദിശയിലേക്കെന്ന തോന്നലിനിടെ സംഘത്തിനെ അടിമുടി പൊളിച്ചെഴുതിയാണു പുതിയതിനു രൂപം നൽകിയത്.

കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവാണ് പുതിയ സംഘത്തിന്റെ തലവൻ. മുൻ തലവൻ, എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി.എം.മുഹമ്മദ് റഫീഖ് അനാരോഗ്യ കാരണങ്ങളാൽ പിൻമാറിയതാണെന്നു പറയുന്നുണ്ടെങ്കിലും അന്വേഷണത്തിന്റെ ദിശ മാറ്റാനുള്ള നീക്കമായിരുന്നു പിന്നിലെന്ന ആരോപണം നിലനിൽക്കുന്നു. എസ്പി മാറിയതിനു പിന്നാലെ ഡിവൈഎസ്പി ഷാജുവിനെയും മാറ്റി. പുതിയ സംഘത്തിൽ ഡിവൈഎസ്പിയായി പി.എം.പ്രദീപ് മാത്രമേയുള്ളൂ.

കോട്ടയം ക്രൈംബ്രാഞ്ച് സിഐ രാജപ്പൻ, നീലേശ്വരം സിഐ പി.നാരായണൻ എന്നിവർ പുതുതായി വന്നു. എസ്ഐമാരായ ജയചന്ദ്രൻ, ഫിലിപ് തോമസ്, പുരുഷോത്തമൻ, കൃഷ്ണകുമാർ തുടങ്ങിയവരുമുണ്ട്. ഇതോടെ സിബിഐ അന്വേഷണം അല്ലാതെ കൊല്ലപെട്ടവരുടെ കുടുംബത്തിനു നീതി ലഭിക്കില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്.

Post a Comment

Previous Post Next Post