ബാര്‍ ഡാന്‍സറെ പീഡിപ്പിച്ച കേസ്: ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച; അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിമുംബൈ:  ബാര്‍ ഡാന്‍സര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള വിധി തിങ്കളാഴ്ചത്തേക്ക്  മാറ്റി. അതുവരെ പ്രതിയായ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി ഉത്തരവിട്ടു. നേരത്തെ  മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ ബിനോയിയെ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു. ബിനോയിക്കെതിരെ പരാതി ഉന്നയിച്ച യുവതിക്കും കുട്ടിക്കും വധഭീഷണി ഉള്ളതിനാല്‍ സംരക്ഷണം നല്‍കുമെന്നും മുംബൈ പോലീസ് വ്യക്തമാക്കി. 

ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ യുവതി കോടതിയില്‍ ഹാജരാക്കി. തനിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകളാണ് യുവതി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. യുവതിയുടെ ബിസിനസ് മെയില്‍ ഐഡിയിലേക്ക് സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നാണ് ബിനോയ് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയത്.
2015 ഏപ്രില്‍ 21നാണ് ബിനോയ് വിസ അയച്ചിരിക്കുന്നത്. ദുബായ് സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റുകളും ഇ-മെയില്‍ വഴി അയച്ച് നല്‍കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്ന വിവരം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി മറച്ചുവെച്ചു എന്നും യുവതി ആരോപിച്ചു. യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് നേരത്തെ ബിനോയിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും അതിന് ബിനോയിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ട് എന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ 13നാണ് ബീഹാര്‍ സ്വദ്വേശിയായ യുവതി ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയിക്കെതിരെ പരാതി നല്‍കിയത്. കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലീസ് കേരളത്തിലെത്തിയപ്പോള്‍ ബിനോയ് ഒളിവില്‍ പോവുകയായിരുന്നു.


Post a Comment

Previous Post Next Post
close