എസ്എഫ്ഐയ്ക്ക് ഗുണ്ടാപിരിവ് നൽകിയില്ല; പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം




ആലപ്പുഴ:
കായംകുളം പുല്ലുകുളങ്ങരയില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണ്ടാപിരിവ് നല്‍കാത്തതിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. പുല്ലുകുളങ്ങര എന്‍ആര്‍പിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അഭിജിത്ത് അനന്ദു എന്നിവരുടെ നേതൃത്വത്തിൽ മര്‍ദ്ദിച്ചത്. അക്രമിക്കുന്ന സിസി ടിവി ദൃശ്യമടക്കം കായംകുളം പോലിസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് സ്‌കൂള്‍ വിട്ടുവരുമ്പോള്‍ സ്‌കൂളിന്റെ വാതിലില്‍ വെച്ചാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരുമായ അഭിജിത്ത്, അനന്ദു എന്നിവരുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിയെ ഇവര്‍ പണം നല്‍കാനായി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഒരുവട്ടം പണം നല്‍കിയരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു. ചൊവ്വാഴ്ച്ചയും പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാഞ്ഞതാണ് മർദ്ദിക്കാൻ കാരണമെന്നും ഇവര്‍ പറയുന്നു.
അക്രമിക്കുന്ന സിസിടിവിദൃശ്യങ്ങള്‍ അടക്കം പോലിസില്‍ ചൊവ്വാഴ്ച്ച തന്നെ പരാതിപ്പെട്ടിട്ടും ഇതുവരെയും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. അക്രമികള്‍ എസ്എഫ്ഐ പ്രവര്‍ത്തകരായതാണ് പോലീസിന്റെ മെല്ലപോക്കിന് കാരണമെന്നും ആക്ഷേപമുണ്ട്.
സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ഇപ്പോഴും കായംകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്‌റ്റ് പ്രകാരം കേസെുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു.


Post a Comment

Previous Post Next Post
close