പുതിയ ഹജ്ജ് കോൺസലായി മണിപ്പൂർ സ്വദേശി യുംഖൈബാം സാബിനെ തെരഞ്ഞെടുത്തു
ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനും മണിപ്പൂർ സംസ്ഥാനക്കാരനുമായ യുംഖൈബാം സാബിർ ജിദ്ദയിലെ ഇന്ത്യൻ കോണ്സുലേറ്റിൽ ഹജ്ജ് കോൺസൽ ആയി സ്ഥാനമേറ്റു. ഇന്ത്യൻ ഫോറിൻ സർവിസിലെ 2012 ബാച്ചുകാരനായ സാബിർ നേരത്തേ ഈജിപ്ത്, ഒമാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു.

ഇംഫാൽ ജില്ലയിലെ മുൻ അധ്യാപകൻ മുഹമ്മദ് ത്വയ്യിബ് അലിയുടെയും ഷാഹിദയുടെയും ഏഴു മക്കളിൽ ഏറ്റവും ഇളയവനായ സാബിർ അക്കാദമിക് കാര്യങ്ങളിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നു.

2009 ൽ ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് ഓവർഓൾ ടോപ് മാർക്കോടെ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ അദ്ദേഹം 2011 ൽ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ നിന്ന് അതേവിഷയത്തിൽ തന്നെ മാസ്റ്റർ ബിരുദം നേടിയത് രണ്ടാം റാങ്കോടെയായിരുന്നു.

കൈറോയിലെ അമേരിക്കൻ യൂനിവേഴ്സിറ്റി (A U C) യിൽ നിന്ന് 2014 – 16 വർഷം സാബിർ പൂർത്തിയാക്കിയ അറബിഭാഷയിലെ പഠനം പുതിയ സ്ഥാനലബ്ദിയിൽ അദ്ദേഹത്തിന് ഏറെ സഹായകമായിരിക്കും.

ഹജ്ജ് കാര്യങ്ങളുടെ ചാർജ് വഹിച്ചിരുന്ന മുഹമ്മദ് ഷാഹിദ് ആലം ഡൽഹി വിദേശകാര്യമന്ത്രാലയത്തിലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിലേക്കാണ് യുംഖൈബാം സാബിറിന്റെ നിയമനം.

വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്നുള്ള കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷൈഖിൻറെ കീഴിലായി അതെ സംസഥാനത്തു നിന്ന് തന്നെ ഹജ്ജ് കോൺസലും എത്തിയത് നിരീക്ഷണ കൗതുകമായി.

ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം ജൂലായ് നാലിനാണ് പുണ്യഭൂമിയിൽ എത്തുന്നത്. ഡൽഹിയിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ എത്തുന്ന 420 തീർത്ഥാടകർ അടങ്ങുന്നതാണ് ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം. മലയാളി ഹാജിമാർ ജൂലായ് ഏഴുമുതലാണ് വന്നു തുടങ്ങുക.

Post a Comment

Previous Post Next Post
close