അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അവകാശപ്പെടുമ്പോള്‍ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ അജ്ഞാത ഡ്രോണ്‍ പറന്നതായി റിപ്പോര്‍ട്ട്


തിരുവനന്തപുരം : അതീവ സുരക്ഷയുള്ള ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന് മുന്നിലൂടെ അജ്ഞാത ഡ്രോണ്‍ പറന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. പദ്മതീര്‍ത്ഥക്കുളത്തിനു മുകളില്‍ കണ്ട ഡ്രോണ്‍ വടക്കേനട ഭാഗത്തുകൂടി കടന്നുപോവുകയായിരുന്നു.

ക്ഷേത്ര സുരക്ഷാ വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ഡ്രോണ്‍ പറക്കുന്നതു കണ്ടത്. എന്നാല്‍ ക്ഷേത്രത്തിലെ ക്യാമറകളില്‍ ഇതു പതിഞ്ഞിട്ടില്ലെന്നാണ് സുരക്ഷാ വിഭാഗം പറയുന്നത്. ശതകോടികളുടെ നിധി സൂക്ഷിക്കുന്ന ക്ഷേത്രത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് ഒരാഴ്ച മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഡ്രോണ്‍ പറക്കുന്നത് കണ്ടെത്തിയത്. 
എന്നാല്‍ ക്ഷേത്രത്തിലെ ക്യാമറകളില്‍ ഡ്രോണ്‍ പതിയാതിരുന്നത് സുരക്ഷാ പാളിച്ചയാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വിമാനങ്ങള്‍ പറക്കുന്നതുപോലും നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ക്യാമറകളാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ളതെന്നാണ് അധികൃതരുടെ വാദം. ക്ഷേത്രത്തിന്റെ എല്ലാ ഭാഗത്തും മുകളിലായും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
എല്ലാ സമയവും ഇവ സിസിടിവിയില്‍ നിരീക്ഷിക്കുന്നുമുണ്ട്. പദ്മതീര്‍ത്ഥക്കുളത്തിന്റെ ഭാഗത്ത് ഡ്രോണ്‍ കണ്ടപ്പോള്‍ത്തന്നെ ഇതിനെ നിരീക്ഷിക്കാനും എങ്ങോട്ടാണ് പോകുന്നതെന്നു കണ്ടെത്താനുമുള്ള ആധുനിക സജ്ജീകരണങ്ങളുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്.
ഇതു സംബന്ധിച്ച് വിമാനത്താവളത്തില്‍ അറിയിച്ചിട്ടുണ്ടെന്നും ഇവിടെ നിന്നുള്ള പരിശോധനകള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതിനു മുമ്പും ശംഖുമുഖത്തും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും ഡ്രോണുകള്‍ കണ്ടെത്തിയതോടെ വിമാനത്താവളത്തില്‍ റഡാര്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഒരു ഡ്രോണ്‍ കണ്ടെത്താനായിട്ടില്ലെന്ന് വിമാനത്താവളത്തിലെ എടിസി വിഭാഗം അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
close