ചിലർ ബിജെപിയിലേക്കു വരുന്നത് വ്യക്തി താല്‍പ്പര്യത്തിന് വേണ്ടി; അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശനത്തിനു പിന്നാലെ ശ്രീധരൻപിള്ള


ചില സമുദായങ്ങളില്‍പ്പെട്ടവര്‍ ബിജെപിയിലേക്കു വരുന്നത് അവരുടെ വ്യക്തി താല്‍പ്പര്യത്തിന് വേണ്ടിയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. അടുത്തിടെ മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ബിജെപിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
അടുത്തിടെ ബിജെപിയിലേക്ക് ചേക്കേറുന്ന പ്രമുഖരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ശ്രീധരന്‍ പിള്ളയുടെ തുറന്നു പറച്ചില്‍. എന്നാല്‍ അതു നോക്കുന്നില്ലെന്നും ആളെ കിട്ടുകയാണു പ്രധാനമെന്നും പിള്ള പറഞ്ഞു.
ഒരു കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തന്നെ വിളിച്ച് അംഗത്വം ആവശ്യപ്പെട്ടു. പേരുകൊണ്ട് അയാള്‍ മുസ്ലിമാണ്. കോണ്‍ഗ്രസില്‍ ചുമതല വഹിക്കുന്നയാളല്ലേ എന്നു ചോദിച്ചപ്പോള്‍ തന്റെ തീരുമാനം ഇതാണെന്നായിരുന്നു മറുപടി. ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ ആളുകളെ പാര്‍ട്ടിയിലെത്തിക്കണമെന്നും ട്രെന്‍ഡ് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ചിലരെ കേരളത്തില്‍നിന്നു വിവിഐപിയായി പങ്കെടുപ്പിക്കണമെന്നു ദേശീയ അധ്യക്ഷന്‍ വിളിച്ചുപറഞ്ഞു. അവരുടെ പേരൊന്നും പറയുന്നില്ല. നമുക്കെതിരേ പ്രവര്‍ത്തിച്ചവരാണ്. അവരൊക്കെ 24 മണിക്കൂറിനകം ബിജെപിയിലേക്കു വരാന്‍ തയാറായി. ആരു പാര്‍ട്ടിയിലേക്കു വന്നാലും തങ്ങളുമായി ലയിക്കുകയല്ലാതെ മലീമസമാക്കാന്‍ കഴിയില്ലെന്നും പിള്ള പറഞ്ഞു
കോണ്‍ഗ്രസ് മുന്‍ എംപി അബ്ദുള്ളക്കുട്ടിയാണ് അവസാനമായി ബിജെപിയില്‍ ചേര്‍ന്നത്. മോദിയെ പ്രശംസിച്ചതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ജോസഫ് വടക്കന്‍, പി.സി ജോര്‍ജ് എന്നിവരും ബിജെപിയിലേക്ക് വന്നിരുന്നു.

Post a Comment

Previous Post Next Post
close