കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും തേര്‍ഡ്പാര്‍ട്ടി, പാക്കേജ് പോളിസികള്‍ പ്രത്യേകം നൽകണം;സെപ്റ്റംബർ ഒന്നിന് പുതിയ പരിഷ്കാരം നിലവിൽവരും


സ്വകാര്യ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും തേർഡ് പാർട്ടി, പാക്കേജ് പോളിസി എന്നിവ പ്രത്യേകമായി നൽകാൻ നിർദേശം. ഇത്തരത്തിൽ പോളിസികൾ പരിഷ്കരിക്കാൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) കമ്പനികളോട് നിർദേശിച്ചു. ഒരു വാഹനം ജീവനും സ്വത്തിനുമുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് തേർഡ് പാർട്ടി പോളിസി വേണം. മോട്ടോർ വാഹന നിയമപ്രകാരം രാജ്യത്ത് ഒരു വാഹനം നിരത്തിലിറക്കണമെങ്കിൽ ഇത് നിർബന്ധമാണ്. പാക്കേജ് പോളിസി അപകടത്തിൽ വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ബാധ്യതയിൽനിന്നുള്ള സംരക്ഷണത്തിനും. സെപ്റ്റംബർ ഒന്നിന് പുതിയ പരിഷ്കാരം നിലവിൽവരും. സ്വകാര്യ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ദീർഘകാല തേർഡ് പാർട്ടി പ്രീമിയം വേണമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കിയത് കഴിഞ്ഞവർഷം സെപ്റ്റംബർ ഒന്നിനാണ്. ഇതിന്റെ തുടർച്ചയാണ് ഇൻഷുറൻസ് സംവിധാനം അടിമുടി പരിഷ്കരിക്കുന്നത്. ദീർഘകാലം നിരത്തിലിറക്കാതെ സൂക്ഷിക്കുന്ന കാറിനും ഇരുചക്രവാഹനങ്ങൾക്കും റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട പ്രീമിയം ഒഴിവാക്കാം. മോഷണം, തീപ്പിടിത്തം എന്നിവയിൽനിന്ന് സംരക്ഷണംനൽകാനുള്ള പാക്കേജ് പോളിസി മാത്രം മതി. പഴയ വാഹനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. നിലവിൽ ഇത്തരം പോളിസികളില്ല. ഇതിനാൽ പുതിയ നിർദേശങ്ങൾക്കനുസരിച്ചുള്ള പോളിസികൾ തയ്യാറാക്കാൻ ഐ.ആർ.ഡി.എ.ഐ. ആവശ്യപ്പെട്ടു. നിലവിലുള്ളത് പുതിയ കാറുകൾക്ക് മൂന്നുവർഷത്തെ തേർഡ് പാർട്ടി പ്രിമിയം മുൻകൂർ അടയ്ക്കണം. ഇരുചക്രവാഹനങ്ങൾക്ക് അഞ്ചുവർഷത്തേതും. ഇതിനൊപ്പമുള്ള പാക്കേജ് പോളിസി ഓരോ വർഷത്തേക്കുവീതം പുതുക്കാനുള്ള സൗകര്യവുമുണ്ട്. ഇരുപോളിസികളും ഒന്നിച്ചാണ് ഇൻഷുറൻസ് കമ്പനികൾ നൽകുന്നത്. ഇതിനാൽ പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിന് പാക്കേജ് പോളിസി വേണ്ടിവരും. പരിഷ്കരിക്കുന്നത് ദീർഘകാല തേർഡ് പാർട്ടി പ്രീമിയം വേണമെന്നതിൽ മാറ്റമില്ല. പുതിയ കാർ രജിസ്റ്റർ ചെയ്യുന്നതിന് മൂന്ന് വർഷത്തെ തേർഡ് പാർട്ടി പ്രീമിയം അടച്ച രേഖ ഹാജരാക്കിയാൽ മതി. ഉടമയ്ക്ക് ഇഷ്ടമുള്ള കമ്പനിയിൽനിന്ന് പാക്കേജ് പോളിസിയെടുക്കാം. ഇൻഷുറൻസ് കമ്പനികൾ തമ്മിലുള്ള മത്സരത്തിലൂടെ പ്രീമിയം കുറയുമെന്നും ഇൻഷുറൻസ് കമ്പനികളുടെ സേവനനിലവാരം ഉയരുമെന്നുമാണ് പ്രതീക്ഷ. 

Post a Comment

Previous Post Next Post
close