ജയ് ശ്രീറാം' വിളിക്കാന്‍ വിസമ്മതിച്ചതിന് പള്ളിയിൽനിന്ന് വീട്ടിലേക്കുപോയ 16കാരന് ക്രൂര മർദ്ദനം; പോലീസ് കേസെടുത്തു

കാൺപുർ (യു.പി): ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് ഉത്തർപ്രദേശിലെ കാൺപൂരിൽ 16കാരനെ ബൈക്കിലെത്തിയ സംഘം മർദ്ദിച്ചുവെന്ന് പരാതി. മുഹമ്മദ് തേജ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റതെന്ന് പോലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം. പള്ളിയിൽനിന്ന് വീട്ടിലേക്കുപോയ പതിനാറുകാരനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിർത്തി തൊപ്പി ധരിക്കുന്നതിനെ വിമർശിച്ച് സംസാരിച്ചു. തുടർന്ന് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ബൈക്കിലെത്തിയവർ ചവിട്ടുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രദേശത്ത് തൊപ്പി ധരിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞാണ് തന്നെ നിലത്തിട്ട് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. ഉറക്കെ നിലവിളിച്ചതോടെ ചില കച്ചവടക്കാരും വഴിയാത്രക്കാരും രക്ഷയ്ക്കെത്തി. ഇതോടെ അക്രമികൾ സ്ഥലത്തുനിന്നും കടന്നു കളഞ്ഞുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 16കാരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. മതസ്പർധ വളർത്തുന്നത് തടയുന്നതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളടക്കം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും പോലീസ് പി.ടി.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

Post a Comment

Previous Post Next Post
close