മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആൾകൂട്ടം മർദിച്ച് കൊലപ്പെടുത്തി; ഏഴ് മണിക്കൂര്‍ ജയ്ശ്രീറാം വിളിപ്പിച്ച് മര്‍ദിച്ചു


റാഞ്ചി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആൾകൂട്ടം മർദിച്ച് കൊലപ്പെടുത്തി. മർദനത്തിനിടെ യുവാവിനെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു. തുടർച്ചയായി ഏഴ് മണിക്കൂറോളം മർദനത്തിന് ഇരയായാണ് യുവാവ് കൊല്ലപ്പെട്ടത്. ഷംസ് തബ്രീസ് (24) ആണ് എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്. ജാർഖണ്ഡിലെ ഖർസ്വാനിൽ ജൂൺ 18 ചൊവ്വാഴ്ച്ചയാണ് സംഭവം. ഗ്രാമത്തിൽ നിന്ന് കാണാതായ ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഷംസിനെ നാട്ടുകാർ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. കാണാതായ ബൈക്ക് ഷംസും സുഹൃത്തുക്കളും മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. നാട്ടുകാർ വളഞ്ഞതോടെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. മർദനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ സോഷ്യൽമീഡിയ വഴി പുറത്ത് വിട്ടിരുന്നു. മർദനത്തിനിടെ ജയ് ശ്രീറാം എന്ന് ഷംസിനെകൊണ്ട് വിളിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ചൊവ്വാഴ്ച്ച പിടികൂടിയ ഷംസിനെ ബുധനാഴ്ച്ചയാണ് പോലീസിന് കൈമാറുന്നത്. പോലീസിന് കൈമാറുമ്പോൾ ഷംസ് അബോധാവസ്ഥയിലായിരുന്നു. പോലീസ് കസ്റ്റഡിയിൽവെച്ച് ആരോഗ്യനില വീണ്ടും വഷളായതോടെ ഷംസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവടെ വെച്ചാണ് ഷംസ് മരിക്കുന്നത്.

Post a Comment

Previous Post Next Post
close