ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം; അഞ്ചു പേര്‍ അറസ്റ്റില്‍, രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു:പ്രതിഷേധം ഉയർന്നതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു


റാഞ്ചി: ജാർഖണ്ഡിൽ ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. വലിയ പ്രതിഷേധം ഉയർന്ന സാചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതിയായ ഒരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ജൂൺ 18ന് ആണ് ഖാർസ്വാനിൽ തബ്രിസ് അൻസാരി എന്ന 24കാരനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേയ്ക്കു പോകുകയായിരുന്ന തബ്രിസിനെ ഒരു സംഘം തടഞ്ഞുനിർത്തുകയും മോട്ടോർ സൈക്കിൾ മോഷ്ടിച്ചെന്നാരോപിച്ച്മണിക്കൂറുകളോളം മർദ്ദിക്കുകയുമായിരുന്നു. ഇവർഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തബ്രിസിനെ മരത്തിൽ കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. മർദ്ദനത്തിനിടെ ജയ് ശ്രീരാം എന്ന് പറയാൻ നിർബന്ധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മർദനത്തെ തുടർന്ന് തബ്രിസ് അബോധാവസ്ഥയിലായതിനു ശേഷമാണ് ഇയാളെ പോലീസിന് കൈമാറിയത്.നാലു ദിവസത്തിനു ശേഷം പോലീസ് ശുപത്രിയിലെത്തിച്ച തബ്രിസ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ ചികിത്സ നൽകണമെന്ന് അപേക്ഷിച്ചെങ്കിലും പോലീസ് തബ്രിസിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മാത്രമല്ല, തബ്രിസിനെ കാണാൻ ബന്ധുക്കളെ അനുവദിച്ചുമില്ല. ഇയാളെ ആശുപത്രിയിലെത്തിക്കുന്നതിന് മണിക്കൂറുകൾ മുൻപുതന്നെ മരണം സംഭവിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. മതത്തിന്റെ പേരിലാണ് തബ്രിസിനു നേരെ ആൾക്കൂട്ട ആക്രമണം നടന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

Post a Comment

Previous Post Next Post
close