ഉച്ച ഭക്ഷണത്തിനൊപ്പം പഴങ്ങളും;സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണത്തില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. ഉച്ചഭക്ഷണത്തിന് പുറമേ പഴവര്‍ഗങ്ങളും നല്‍കാനുള്ള പദ്ധതി ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു.ഭക്ഷണത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പഴങ്ങള്‍ കൂടി നല്‍കാനുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി തയ്യാറാക്കിയ സമഗ്ര പദ്ധതി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു.

ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതോടെ ഉച്ചഭക്ഷണത്തിനു പുറമേ പാലും പഴവും മുട്ടയും നല്‍കുന്ന ഒരേയോരു സംസ്ഥാനമായി കേരളം മാറും. ഓരോ വിദ്യാര്‍ത്ഥിക്കും ആഴ്ചയില്‍ രണ്ടുദിവസമായി 10 രൂപയുടെ പഴം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാഴപ്പഴം, പേരയ്ക്ക, മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയവയാണ് ഇതിനായി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി വിഷരഹിത ഫലവര്‍ഗങ്ങളായിരിക്കും ഉപയോഗിക്കുക. നിലവില്‍ ചോറിനൊപ്പം പഴവര്‍ഗങ്ങളും പച്ചക്കറിയും ഉള്‍പ്പെടെയുള്ള കറികള്‍ നല്‍കിവരുന്നുണ്ട്. ഇതിനൊപ്പം ആഴ്ചയില്‍ രണ്ടുതവണ പാലും മുട്ടയും നല്‍കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മികച്ച ആരോഗ്യ ശീലം വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post
close